ഷാർജയിൽ ആറുമാസത്തിനിടയിൽ 351 സൈബർ കുറ്റകൃത്യങ്ങൾ
|ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ശംസി അറിയിച്ചു
ദുബൈ: ഷാർജ എമിറേറ്റിൽ സൈബർ കുറ്റകൃത്യങ്ങളിൽ വർധന. ഈ വർഷം ആദ്യ ആറുമാസം മാത്രം രജിസ്റ്റർ ചെയ്തത് 351 സൈബർ കുറ്റകൃത്യങ്ങളാണ്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളാണ് ഇതിൽ കൂടുതൽ.
ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർജനറൽ സെയ്ഫ് അൽ ശംസി പറഞ്ഞു. സംശയാസ്പദ ലിങ്കുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും ആരംഭിച്ചതായും ഷാർജ പൊലിസ് മേധാവി പറഞ്ഞു.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 'ബി അവെയർ' എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകൾക്ക് ഇരകളാകുന്നവർ സംഭവം റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. ഇ-ബ്ലാക്മെയിൽ, ടെലഫോൺ തട്ടിപ്പ്, ഹാക്കിങ് എന്നിവയുമായി ബന്ധപ്പെട്ട് വ്യാപക ബോധവത്കരണ നടപടികളാണ് ഷാർജ പൊലീസ് ആവിഷ്കരിച്ചു വരുന്നത്.