അബൂദബി റെസ്റ്റോറന്റിലെ സ്‌ഫോടനം; രണ്ടുപേർ മരിച്ചു
|ഇന്ന് ഉച്ചക്ക് ഖാലിദിയ്യയിലെ മലയാളി റസ്റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ആറ് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.
അബൂദബി: നഗരത്തിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്‌സ തേടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചു.
സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങൾ കേട്ടെന്ന് സമീപവാസികൾ വെളിപ്പെടുത്തി. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.