Gulf
അറ്റ്ലാന്‍റിസ് ദി റോയൽ തുറന്നു; അഭിമാനമെന്ന്​ ശൈഖ്​ മുഹമ്മദ്
Gulf

'അറ്റ്ലാന്‍റിസ് ദി റോയൽ' തുറന്നു; അഭിമാനമെന്ന്​ ശൈഖ്​ മുഹമ്മദ്

Web Desk
|
21 Jan 2023 6:41 PM GMT

ടൂറിസം രംഗത്തേക്ക് പുതുതായി ചേർക്കുന്ന വാസ്തുവിദ്യ മാസ്റ്റർപീസാണ്​ ഹോട്ടലെന്ന്​ ദുബൈ ഭരണാധികാരി ട്വിറ്ററിൽ കുറിച്ചു

ദുബൈ: നഗരത്തിലെ ഏറ്റവും പുതിയ ലാൻഡ്​മാർക്കായ 'അറ്റ്ലാന്‍റിസ് ദി റോയൽ' യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂം സന്ദർശിച്ചു. പാം ജുമൈറ ദ്വീപിലെ ആഢംഭര റിസോർട്ട്​ ​ശനിയാഴ്ച രാത്രി തുറക്കുന്നതിന്​ മുന്നോടിയായാണ്​ സന്ദർശനം നടത്തിയത്​. ടൂറിസം രംഗത്തേക്ക് പുതുതായി ചേർക്കുന്ന വാസ്തുവിദ്യ മാസ്റ്റർപീസാണ്​ ഹോട്ടലെന്ന്​ ദുബൈ ഭരണാധികാരി ട്വിറ്ററിൽ കുറിച്ചു.

40ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഉയർന്ന പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന 6 ടവറുകളാണ്​ കെട്ടിടം. വാട്ടർഫ്രണ്ടുകളും മനേഹര പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്​ 178 മീറ്റർ ഉയരമാണുള്ളത്​. എമിറേറ്റിന്‍റെ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും സന്ദർശകരെ അതിശയകരമായ സൗകര്യങ്ങളോടെ സ്വാഗതം ചെയ്ത്​ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും ശൈഖ്​ മുഹമ്മദ്​ ട്വീറ്റിൽ കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്‍റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാൻ യു.എ.ഇയും ദുബൈയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. പാം ജുമൈറയുടെ പുറം ഭാഗത്തെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ദ്വീപിലാണ്​ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

ശൈഖ്​ മുഹമ്മദ്​ ഹോട്ടലിന്‍റെ അകവും പുറവും സന്ദർശിക്കുകയും സൗകര്യങ്ങളും വീക്ഷിക്കുകയും ചെയ്തു. ലോകത്തിലെ പ്രമുഖ ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്നാണ്​ 'അറ്റ്ലാന്‍റിസ് ദി റോയൽ' രൂപകൽപന ചെയ്തത്. 795 മുറികളുള്ള ഹോട്ടലിൽ 90 നീന്തൽക്കുളങ്ങളും 17 റെസ്റ്റോറന്‍റുകളും ഉണ്ട്. റസ്റ്ററന്‍റുകളിൽ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടർ ഫൗണ്ടേനും ഇതിലുണ്ട്​. മനോഹരമായ ജലസംവിധാനങ്ങൾ, ശിൽപങ്ങൾ, വർണ പാലറ്റുകൾ എന്നിവ ഉപയോഗിച്ച് ജലം അമൂല്യമാണെന്ന സ​ന്ദേശം കൂടി ഹോട്ടൽ പങ്കുവെക്കുന്നുണ്ട്​.

Similar Posts