Gulf
Baggage , SpiceJet flight,  Passengers,  distress, travellers,
Gulf

സ്പൈസ്ജെറ്റ് വിമാനത്തിൽ ലഗേജെത്തിയില്ല; ദുരിതത്തിലായി യാത്രക്കാർ

Web Desk
|
20 March 2023 5:46 PM GMT

കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി നാളത്തോടെ മുഴുവൻ യാത്രക്കാർക്കും ലഗേജുകൾ വിതരണം ചെയ്യുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു

ജിദ്ദ: സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്നും ജിദ്ദയിലെത്തിയ യാത്രക്കാർക്ക് ലഗേജുകൾ ലഭിച്ചില്ലെന്ന് പരാതി. രാവിലെയും ഉച്ചക്കുമായെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരാണ് ലഗേജുകൾ ലഭിക്കാതെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയത്. എന്നാൽ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി നാളത്തോടെ മുഴുവൻ യാത്രക്കാർക്കും ലഗേജുകൾ വിതരണം ചെയ്യുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 5.55 ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം രാവിലെ 10 മണിക്കാണ് ജിദ്ദയിലെത്തിയത്. എന്നാൽ യാത്രക്കാരിൽ പലർക്കും ലഗേജ് കിട്ടിയില്ല. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചപ്പോൾ ഉച്ചയ്ക്ക് 2.30ന് വരുന്ന അടുത്ത വിമാനത്തിൽ ലഗേജ് എത്തുമെന്നും അത് വരെ കാത്തിരിക്കണമെന്നുമുള്ള അറിയിപ്പാണ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാനാകാതെ സ്ത്രീകളും, കുട്ടികളും വൃദ്ധരുമുൾപ്പെടെയുള്ള നിരവധി പേർ മണിക്കൂറുകളോളം ദുരിതത്തിലായി.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉച്ചക്ക് 2.30ന് കോഴിക്കോട് നിന്നുള്ള രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനവും ജിദ്ദയിലെത്തി. എന്നാൽ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാരിൽ പലർക്കും നിരാശയായിരുന്നു ഫലം. ഏതാനും പേർക്ക് മാത്രമാണ് ലഗേജ് ലഭിച്ചത്. മാത്രവുമല്ല രണ്ടാമത്തെ വിമാനത്തിലെ പല യാത്രക്കാർക്കും ലഗേജ് ലഭിച്ചില്ല. ഏറെ നേരം ബഹളം വെച്ചതോടെയാണ് ഭക്ഷണം ലഭിച്ചതെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

ലഗേജുകളിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ള വിലപ്പിടിപ്പുള്ള സാധനങ്ങൾ നഷ്ടമാകുന്നതായും കോഴിക്കോട് നിന്നെത്തുന്ന നിരവധി പ്രവാസികൾ അടുത്തിടെയായി പരായി നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാടുണ്ടാകാറില്ലെന്നും യാത്രക്കാർ പറഞ്ഞു. അതേ സമയം ഇന്ന് രണ്ടാമത്തെ വിമാനത്തിൽ ലഗേജുകൾ പൂർണമായും ജിദ്ദയിലെത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി ഇന്നോ നാളെയോ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാനാകുമെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

Similar Posts