വൈദ്യുതി, ജല ബില്ലുകൾക്ക് പുതിയ സംവിധാനവുമായി ബഹ്റൈൻ
|പുതിയ ബില്ലിങ് രീതി ഫെബ്രുവരി ആദ്യം മുതലാണു നടപ്പിലാക്കുക
ബഹ്റൈൻ: ബഹ്റൈനിൽ വൈദ്യുതി, ജല ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ച പുതിയ ബില്ലിങ് രീതി ഫെബ്രുവരി ആദ്യം മുതലാണു നടപ്പിലാക്കുക.
പൂർണമായും ഡിജിറ്റൽ വൽക്യത ബില്ലിംഗ് രീതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി, ജല ഉപയോഗത്തിൻറെ ബില്ലുകൾ കൂടുതൽ സുതാര്യവും ക്യത്യവുമാക്കാനാണു ലക്ഷ്യമിടുന്നത് . പുതിയ ഉപഭോക്തൃ സേവന സംവിധാനവും ക്യത്യത ഉറപ്പു വരുത്തിയ ബില്ലിങ് രീതിയുമാണു ഏർപ്പെടുത്തുക.അതോറിറ്റിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ഈ പരിഷ്കാരം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പുതിയ ബില്ലിങ് സംവിധാനം നടപ്പ്പിലാക്കുകയെന്നും ബില്ലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്ന രീതിയിലായിരിക്കും തയാറാക്കുകയെന്നും അധിക്യതർ അറിയിച്ചു .
പുതിയ സംവിധാനം നടപ്പാക്കുന്നതിനായി ആയിരത്തിലധികം ജീവനക്കാർക്ക് സമഗ്രപരിശീലനം നൽകിക്കഴിഞ്ഞു. പരിഷ്കാരം നടപ്പിൽ വരുത്തുന്നതിനാവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ബില്ലിങ് സംവിധാനം ഏൽപ്പിച്ച കമ്പനിയെ ചുമതലയിൽ നിന്ന് നീക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ റീഡർ സ്ഥാപിച്ച് റിമോട്ട് വഴി റീഡിങ് അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് വൈദ്യുതി, ജല അതോറിറ്റി അറിയിച്ചു.