ഭൂകമ്പ ബാധിതരെ സഹായിക്കാനായി മൂന്ന് മണിക്കൂറിനിടെ സംഭരിച്ചത് 3.7 ദശലക്ഷം ഡോളർ
|തുർക്കിയ, സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിനായി ബഹ്‌റൈൻ ടി.വി നടത്തിയ പ്രത്യേക പദ്ധതിയിൽ 3.7 ദശലക്ഷം ഡോളർ സംഭരിച്ചു. ഐക്യദാർഢ്യ ദിനമെന്ന പേരിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ മൂന്ന് മണിക്കൂറാണ് പ്രത്യേക ഡ്രൈവ് നടത്തിയത്.
ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി നടത്തിയത്. ദുരിതമനുഭവിക്കുന്നവരോട് എന്നും അനുകമ്പയും സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിൽ ബഹറ്‌റൈൻ ജനത മുൻപന്തിയിലാണെന്നാണ് ഇത് തെളിയിക്കുന്നത്.
രാജ്യത്തിന്റെയും ജനതയുടെയും സഹായ മനസ്ഥിതിയാണ് ഇത് പ്രകടമാക്കുന്നതെന്ന് ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫയും സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും വ്യക്തമാക്കി. സംഭാവന നൽകാൻ മുന്നോട്ടു വന്ന എല്ലാ സുമനസ്സുകൾക്കും ഇരുവരും നന്ദി പ്രകടിപ്പിച്ചു.