Bahrain
Bahrain in Arab Games
Bahrain

അറബ് ഗെയിംസിൽ ബഹ്റൈന് നാലാം സ്ഥാനം

Web Desk
|
20 July 2023 10:24 AM GMT

അൽജീരിയയിൽ നടന്ന അറബ് ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ, ബഹ്റൈൻ നാലാം സ്ഥാനം നേടി. 19 സ്വർണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 42 മെഡലുകളാണ് ബഹ്റൈൻ സ്വന്തമാക്കിയത്.

ആതിഥേയരായ അൽജീരിയ 105 സ്വർണം ഉൾപ്പെടെ 253 മെഡലുകളോടെ ഒന്നാമതെത്തി. അൽജീരിയക്ക് 76 വെള്ളിയും 72 വെങ്കലവും ലഭിച്ചു. തുനീഷ്യ (23 സ്വർണം) രണ്ടാം സ്ഥാനവും മൊറോക്കോ (21 സ്വർണം) മൂന്നാം സ്ഥാനവും നേടി. 2011ൽ ദോഹയിലാണ് അവസാനമായി അറബ് ഗെയിംസ് നടന്നത്. 12 സ്വർണവും 10 വെള്ളിയും 15 വെങ്കലവുമടക്കം 37 മെഡലുകളാണ് ബഹ്‌റൈൻ അന്ന് നേടിയത്.

മെഡലുകളുടെ എണ്ണം വർധിപ്പിക്കാനായി എന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സെയിലിങ്ങിൽ മൂന്നു സ്വർണവും ഒരു വെങ്കലവും ടേബ്ൾ ടെന്നിസിൽ രണ്ടു വെള്ളിയും ഒരു വെങ്കലവും ബഹ്‌റൈൻ സ്വന്തമാക്കി. അബ്ദുല്ല ജാനഹി, മലക് അൽദോസെരി, വലീദ് തൗഫീഖ് എന്നിവരാണ് സെയിലിങ് സ്വർണം നേടിയത്. ഖലീഫ അൽദോസെരി വെങ്കലം നേടി.

ബഹ്‌റൈൻ നീന്തൽ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കാൻ ബഹ്‌റൈൻ മാരിടൈം സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റും അറബ് സെയിലിങ് ഫെഡറേഷൻ മേധാവിയുമായ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ എത്തിയിരുന്നു. അറബ് ഗെയിംസിലെ ബഹ്‌റൈൻ പ്രതിനിധി സംഘം ഡയറക്ടർ നോമാൻ അൽ ഹസൻ, ടെക്‌നിക്കൽ ഡയറക്ടർ ലൂൺസ് മഡെൻ എന്നിവരും സംബന്ധിച്ചു.

ബഹ്റൈന്റെ മറിയം അൽ ആലി-ഫഡ്‌കെ അമൃത ജോടി ബാഡ്മിന്റൺ വനിത ഡബ്ൾസിൽ വെള്ളി നേടി. ഫൈനലിൽ തുനീഷ്യയുടെ ഫദ്‌വ ഗാർസി-അബിർ ഹജ് സല ജോടിയോട് 1-3നാണ് സഖ്യം പരാജയപ്പെട്ടത്. പുരുഷ ഡബ്ൾസിൽ മുഹമ്മദ് സാലിഹ്-റാഷിദ് റാഷെദ് സഖ്യവും വെള്ളി നേടി. ഫൈനലിൽ സൗദിയുടെ അബ്ദുൽ അസീസ് ബുഷുലൈബി-അസാം അലിം സഖ്യത്തോട് 1-3നാണ് പരാജയം. മിക്‌സഡ് ഡബ്ൾസ് വെങ്കല മെഡലും ബഹ്‌റൈൻ സ്വന്തമാക്കി

Related Tags :
Similar Posts