എയർ ഇന്ത്യ-ഡൽഹി വിമാനം റദ്ദാക്കി; എയർപോർട്ടിൽ കുടുങ്ങി യാത്രക്കാർ
|മാസങ്ങൾക്കു മുമ്പേ ടിക്കറ്റെടുത്ത് യാത്ര പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായത്
ഡൽഹി: എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച രാത്രി 11.45 ന് യാത്ര തിരിക്കേണ്ട എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനമാണ് (AI 940) മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. അർദ്ധരാത്രി തിരിച്ച് പുലർച്ചെ 5.05 ന് എത്തേണ്ടതായിരുന്നു വിമാനം. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം പറയുന്നത്. മാസങ്ങൾക്കു മുമ്പേ ടിക്കറ്റെടുത്ത് യാത്ര പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായത്.
അത്യാവശ്യമായി എത്തേണ്ട മൂന്നുനാല് പേർ വൻ തുക നൽകി മറ്റ് വിമാനങ്ങളിൽ പുലർച്ചെ യാത്ര തിരിച്ചതായി യാത്രക്കാർ പറഞ്ഞു. ബാക്കിയുള്ളവർ ലഭിക്കാതെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാരുടെ ബന്ധുക്കൾ പറഞ്ഞു. ഭക്ഷണം ലഭ്യമാക്കിയില്ലെന്നും പലരുടെയും മൊബൈൽഫോൺ ചാർജ് തീർന്നതുകൊണ്ട് ബന്ധപ്പെടാനാകുന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.
എന്നാൽ, ഡൽഹിയിൽനിന്ന് എത്തേണ്ട വിമാനം റദ്ദാക്കിയതുകൊണ്ടാണ് തിരികെയുള്ള സർവീസും റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരെ രാത്രി തന്നെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. അത്യാവശ്യം പോകേണ്ട യാത്രക്കാരെ ഗൾഫ് എയർ വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവർക്ക് എയർ ഇന്ത്യയുടെ ഇന്നും നാളെയും സർവിസുകളിൽ ടിക്കറ്റുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.