അൽനൂർ ഇന്റർനാഷനൽ സ്കൂൾ വാർഷിക ദിനം ആഘോഷിച്ചു
|അൽനൂർ ഇന്റർനാഷനൽ സ്കൂൾ സി.ബി.എസ്.ഇ വിഭാഗം വാർഷിക ദിനം ആഘോഷിച്ചു. ഡിസംബർ ആറ്, ഏഴ് തീയതികളിലായാണ് പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ വാർഷികാഘോഷം സംഘടിപ്പിച്ചത്.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അലി ഹസൻ, സ്കൂൾ ഡയരക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവ, വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇന്ത്യൻ എംബസിയിലെയും പ്രതിനിധികൾ, വിവിധ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നൃത്തം, നാടകം, സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 50ലധികം വിദ്യാർഥികൾക്ക് അംബാസഡർ പീയൂഷ് ശ്രീവാസ്തവ ട്രോഫി സമ്മാനിച്ചു. സമ്മാനങ്ങൾ നേടിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു. മികച്ച വിദ്യാഭ്യാസത്തിലൂടെ ബഹ്റൈനിലെ വിദ്യാഭ്യാസ രംഗത്ത് നിർണായക സംഭാവനകൾ നൽകുന്ന അൽനൂർ ഇന്റർനാഷനൽ സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.