ബഹ്‌റൈനിലെ ബുദൈയ്യയില്‍ കാര്‍ഷികച്ചന്ത ആരംഭിച്ചു
|മേള മാര്‍ച്ച് 27 വരെ നീണ്ടുനില്‍ക്കും
ബഹ്‌റൈനില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തനിമയോടെ ലഭ്യമാക്കുന്ന കാര്‍ഷികച്ചന്തയ്ക്ക് ബുദൈയ്യ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തുടക്കമായി. 37കര്‍ഷകരും നാല് കാര്‍ഷിക കമ്പനികളുമാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്.
നമ്മുടെ ഭക്ഷണം..നമ്മുടെ ആരോഗ്യം എന്ന പ്രമേയത്തില്‍ നടക്കുന്ന ചന്ത ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് പറഞ്ഞു. ബഹ്‌റൈനി കര്‍ഷകര്‍ക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കാനും മന്ത്രാലയം സന്നദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് കാര്‍ഷികചന്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 27വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് ചന്ത പ്രവര്‍ത്തിക്കുക. കോവിഡിെന്റ പശ്ചാത്തലത്തില്‍ മേളയില്‍ എല്ലാ ആരോഗ്യ മുന്‍കരുതലും സ്വീകരിച്ചതായി കാര്‍ഷിക, സമുദ്രവിഭവ അണ്ടര്‍ സെക്രട്ടറി ഇബ്രാഹീം അല്‍ ഹവാജ് വ്യക്തമാക്കി.