അങ്ങനെ 'ഓള്' ബഹ്റൈനിലുമെത്തി; സഞ്ചാരി നാജി നൗഷിയുടെ ട്രിപ്പ് ഇനി യുഎഇയിലേക്ക്
|ബഹ് റൈനിൽ നിന്ന് യു. എ. ഇ യിലേക്കും തുടർന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കും സഞ്ചരിക്കാനാണ് നാജിയുടെ പദ്ധതി
മനാമ: യാത്രകളെ ഹരമായി കാണുന്ന സഞ്ചാരിയും ട്രാവൽ വ്ളോഗറുമായ നാജി നൗഷി യൂറോപ്പിലേക്കുള്ള പുതിയ യാത്രയുടെ ഭാഗമായി ബഹ് റൈനിലുമെത്തി. ബഹ് റൈനിൽ നിന്ന് യു. എ. ഇ യിലേക്കും തുടർന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കും സഞ്ചരിക്കാനാണ് നാജിയുടെ പദ്ധതി. അങ്ങിനെ ഓള്' ബഹ് റൈനിലുമെത്തി. ഖത്തർ വേൾഡ് കപ്പ് റ്റു യൂറോപ്പ് ട്രിപ്പ് എന്നെഴുതി അലങ്കരിച്ച ഈ മഹീന്ദ്ര ഥാറാണു സഞ്ചാരിയും ട്രാവൽ വ്ളോഗറുമായ നാജി നൗഷിയുടെ പ്രിയ വാഹനമായ ഓള്'. ഈ ഓളെ മാത്രം കൂട്ടിനു കൂട്ടി പതിവ് പോലെ ഇത്തവണയും തനിച്ച് തന്നെയാണു . മാഹിക്കാരി നാജിയുടെ സ്വപ്ന യാത്ര.
ബഹ് റൈനിലെ റോഡിൽ കെ.എൽ രജിസ് ട്രേഷനുള്ള വാഹനം കണ്ടപ്പോൾ എല്ലാവർക്കും കൗതുകം. ലോക സഞ്ചാരത്തിനായി മനസൊരുക്കി സധീരം മുന്നേറുന്ന പെണ്ണൊരുത്തിയെ കണ്ടതിൻറെ അമ്പരപ്പ് അതിലേറെ . അഞ്ചു മക്കളുടെ അമ്മയായ നാജി അഞ്ചാമത്തെ യാതാ പരമ്പരയുമായി പുതിയ ദൂരങ്ങൾ താണ്ടാനുള്ള തയ്യാറെടുപ്പിലാണു. വേൾഡ് കപ്പ് ലക്ഷ്യമിട്ട് കേരളത്തിലേക്ക് ഖത്തറിലേക്ക് നടത്തിയ സ്വപ്ന യാത്ര സഫലമായ ശേഷം യൂറോപ്യൻ രാജ്യങ്ങളിലേക്കാണു പുതിയ സഞ്ചാരം.
സ്റ്റൗവും ഗ്യാസ് സിലിണ്ടറും കിടക്കയുമെല്ലാമായി പാചകത്തിനും വിശ്രമത്തിനും അത്യാവശ്യ സൗകര്യങ്ങളുണ്ട് ഈ വാഹനത്തിൽ. മുന്നിലെ നീണ്ട പാതകളുടെ അങ്ങേയറ്റത്ത് യൂറോപ്പ് എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ യാത്രയെ പ്രണയിക്കുന്ന ഈ സഞ്ചാരിക്ക്. ഇനിയും എത്തിപ്പിടിക്കാനുള്ള പുതിയ ദൂരങ്ങളും താണ്ടാനുള്ള ദീർഘ പാതകളും ലക്ഷ്യമിട്ട് ഇത്തിരിയും തളരാതെയും ഇടറാതെയും ഒറ്റക്ക് സഞ്ചരിക്കുക തന്നെയാണു നാജിയും നാജിയുടെ സ്വപ്നങ്ങളും