തന്ത്രപ്രധാന മേഖലകളില്‍ ബഹ്റൈനും അമേരിക്കയും നിര്‍ണായക പങ്കാളികളെന്ന് അമേരിക്കന്‍ അംബാസഡര്‍
|തന്ത്രപ്രധാനമായ വിവിധ മേഖലകളില്‍ ബഹ്റൈനും അമേരിക്കയും നിര്‍ണായക പങ്കാളികളാണെന്ന് ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ സ്റ്റീഫന്‍ ബോണ്ടി വ്യക്തമാക്കി. പ്രാദേശിക വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതല്‍ ശക്തമായ തലത്തിലാണ് മുന്നോട്ടു പോവുന്നത്. മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ട നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും ബഹ്റൈന്‍ യു.എസിനൊപ്പമാണ്. സുരക്ഷക്കായി 1955 മുതല്‍ യു.എസ് അഞ്ചാം കപ്പല്‍പടക്ക് സൗകര്യമൊരുക്കിയ ബഹ്റൈന്‍ താല്പര്യവും ഏറെ ശ്രദ്ധേയമാണ്.
വിവിധ വിഷയങ്ങളില്‍ പ്രത്യേകമായ പങ്കാളിത്തമാണ് ബഹ്റൈനുമായുള്ളത്. വിദ്യാഭ്യാസം, കല, വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നീ മേഖലകളില്‍ ശക്തമായ സഹകരണമാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാറിലൂടെ മേഖലയില്‍ തന്നെ ശ്രദ്ധേയമായ ഒരു രാജ്യമായി ബഹ്റൈന്‍ മാറിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലും 2021 ല്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടത്താന്‍ സാധിക്കുകയുണ്ടായി.
കൂടുതല്‍ തുറന്ന സാമ്പത്തിക നയമാണ് മേഖലയില്‍ ബഹ്റൈന്‍ പിന്തുടരുന്നത്. ധാരാളം സാമ്പത്തിക സ്ഥാപനങ്ങളും ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഇത് അനുകൂല ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറിലധികം വര്‍ഷം മുന്നേ ബഹ്റൈനുമായി ആരംഭിച്ച ബന്ധം ഏറ്റവും ശക്തമായ നിലയില്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നത് ഭരണാധികാരികളുടെ കാഴ്ചപ്പാടും നയ നിലപാടുകളുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനം നടത്താനും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.