പരിഷ്കരണം ലക്ഷ്യമിട്ട് ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ്
|കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ് യോഗം ഓൺലൈനിൽ ചേർന്നു. സാമ്പത്തിക ഉത്തേജനം സാധ്യമാക്കുന്നതിന് ഒറ്റക്കെട്ടായി ആത്മാർഥതയോടെ പ്രവർത്തനം തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക പരിഷ്കരണം സാധ്യമാക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്‍റെ ശോഭനമായ ഭാവിയും മൽസരാത്മക അന്തരീക്ഷവും ഒരുക്കുന്നതിനും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തിക മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെക്കുറിച്ച് ചർച്ച ചെയ്തു.
പല മേഖലകളിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും എന്നാൽ അവയൊക്കെ ഒരു പരിധി വരെ തരണം ചെയ്യാൻ സാധ്യമായിട്ടുണ്ടെന്നും വിലയിരുത്തി. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സാമ്പത്തിക വളർച്ച അനിവാര്യമാണ്. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിടുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കുന്നതിന് പാർലമെന്‍റിന്‍റെയും ശൂറ കൗൺസിലിന്‍റെയും അർഥപൂർണമായ സഹകരണം ആവശ്യമാണെന്നും പ്രിൻസ് സൽമാൻ പറഞ്ഞു.
സ്വദേശികൾക്ക് മെച്ചപ്പെട്ട തൊഴിലവസരം ലഭ്യമാക്കാൻ സാധിക്കുകയും തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും ചെയ്യാൻ സാധിക്കേണ്ടതുണ്ട്. ഏറ്റവും പുതിയ സാമ്പത്തിക വളർച്ചാ സൂചകങ്ങളെക്കുറിച്ച് സാമ്പത്തിക വികസന ബോർഡ് സി.ഇ.ഒ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ വിശദീകരിച്ചു.