ബഹ്റൈനിലും ഈദ് സമുചിതമായി ആഘോഷിച്ചു
|അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും ഈദ് ഗാഹുകൾ ഒരുക്കി
മനാമ: ഈദുൽ ഫിത്വറിന്റെ സ്നേഹവും സൗഹ്യദവും പങ്കുവെച്ച് ബഹ്റൈനിലെ പ്രവാസികളും സമുചിതമായി പെരുന്നാളാഘോഷിച്ചു. കോവിഡ് ഭീതി വിതച്ച ഇടക്കാലത്തിനു ശേഷം മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക്ബീർ ധ്വനികളാലും പ്രാർഥനകളാലും അതി രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായി. ബഹ്റൈൻ സമയം രാവിലെ 5.19 നായിരുന്നു ആറിടങ്ങളിലായി മലയാളി സംഘടനകളുടെ നേത്യത്വത്തിൽ നടത്തിയ ഈദ് ഗാഹുകളിലെ പെരുന്നാൾ നമസ്കാരങ്ങൾ. പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികൾ കുടുംബങ്ങളോടൊപ്പം നേരത്തെ തന്നെ ഈദ് ഗാഹുകളിലെത്തിച്ചേർന്നു. പാകിസ്താൻ ക്ലബ്ബിൽ അൽഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ പ്രമുഖ പണ്ഠിതൻ ഹുസൈൻ മടവൂർ പ്രാർഥനക്ക് നേത്യത്വം നൽകി. എല്ലാവർക്കും അദ്ദേഹം നന്മയും സ്നേഹവും നിറഞ്ഞ ഈദിന്റെ ആശംസകൾ നേർന്നു.
സുന്നി ഔഖാഫിന്റെ നേത്യത്വത്തിൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ആയിരങ്ങളാണ് ഈദ് നമസ്കാരത്തിൽ പങ്കുകൊള്ളാനായി എത്തിച്ചേർന്നത്. പ്രാർഥനക്ക് യുവ പണ്ഡിതൻ യൂനുസ് സലീം നേത്യത്വം നൽകി. അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും ഈദ് ഗാഹുകൾ ഒരുക്കി. ഹൂറയിൽ യഹ്യ സിടി യും ഉമ്മുൽ ഹസ്സമിൽ അബ്ദുൽ ലത്തീഫ് അഹ്മദും പ്രാർഥനക്ക് നേതൃത്വം നൽകി.
ഏറെക്കാലത്തിനു ശേഷമുള്ള പ്രവാസി കുടുംബങ്ങളുടെ ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. പ്രാർഥനക്ക് ശേഷം കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും സ്നേഹനിർഭരമായ ഒരു പെരുന്നാളിന്റെ മധുരം കൂടിയാണ് പ്രവാസികൾ പങ്കിട്ടെടുത്തത്. ഈദ് ആഘോഷത്തിന്റെ ഭാഗമായി അവധി ദിനങ്ങളിൽ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും ഒരുക്കുന്ന കലാസംഗീത സദസ്സുകൾ ഒരുക്കിയിട്ടുണ്ട്. പരിപാടികളിൽ പങ്കെടുക്കാനായി നാട്ടിൽ നിന്നെത്തിയ യൂസഫ് കാരക്കാട്, ഗായിക ബെൻസീറാ എന്നീ കലാകാരന്മാരും പ്രവാസികളോടൊപ്പം ഈദ് ആഘോഷത്തിൽ പങ്കുചേർന്നു.