സ്‌നേഹവും സൗഹൃദവും പങ്കുവച്ച് ബഹ്‌റൈനിലെ പ്രവാസികളുടെ ഈദ് ആഘോഷം
|പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ
സ്നേഹവും സൗഹ്യദവും പങ്ക് വെച്ച് ബഹ്റൈനിലെ പ്രവാസികളും ഈദ് ആഘോഷിച്ചു. മലയാളി കൂട്ടായ്മകൾ ഒരുക്കിയ ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും ഭക്തിസാന്ദ്രമായിരുന്നു.
വ്രത വിശുദ്ധിയുടെ രാപ്പകലുകൾക്ക് ശേഷം വിരുന്നെത്തിയ പെരുന്നാൾ ദിനത്തിൽ മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ സ്നേഹപ്രകടനത്തിന്‍റെ വേദി കൂടിയായിമാറി. സുന്നി ഔഖാഫിന്റെ അംഗീകാരത്തോടെ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വിപുലമായ ഈദ് ഗാഹിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രാർത്ഥനയിൽ പങ്കെടുക്കാൻ പുലർ കാലത്ത് തന്നെ പ്രവാസികളും കുടുംബങ്ങളും എത്തിച്ചേർന്നിരുന്നു. അൽ ഫുർഖാൻ സെന്റർ -ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ മനാമ മുൻസിപ്പാലിറ്റി -ബലദിയ്യ -കോമ്പൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് പണ്ഡിതനും പ്രഭാഷകനുമായ എം.എം. അക്ബറാണ് നേതൃത്വം നൽകിയത്
ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലെ ഈദ് ഗാഹിൽ സഈദ് റമദാൻ നദ് വി പ്രാർഥനക്ക് നേതൃത്വം നൽകി. കുശലാന്വേഷണങ്ങൾ നടത്തിയും സുഹ്യദ് ബന്ധങ്ങൾ പുതുക്കിയും പ്രവാസികൾ പെരുന്നാളിന്‍റെ സന്തോഷം പങ്ക് വെച്ചു.
പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. പ്രാർഥനക്ക് ശേഷം കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഒത്തുചേരലിന്റെ മധുരം കൂടിയാണ് പ്രവാസികൾ അനുഭവിച്ചറിഞ്ഞത്.