ബഹ്‌റൈൻ രാജാവിന്റെ ഫ്രാൻസ് സന്ദർശനം വിജയകരമെന്ന് വിലയിരുത്തൽ
|ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഫ്രാൻസ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ സാധിച്ചതായി മന്ത്രിസഭ വിലയിരുത്തി. ഉപപ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യ വികസനകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിലെത്തിയ ഹമദ് രാജാവ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകൾ അവലോകനം നടത്തുകയും ചെയ്തു.
മനുഷ്യ സേവന മേഖലയിൽ ബഹ്‌റൈന് ശ്രദ്ധേയമായ നിലപാട് സ്വീകരിക്കാൻ സാധിച്ചതായി കാബിനറ്റ് വിലയിരുത്തി. ബഹ്‌റൈനും തജാകിസ്താനും തമ്മിൽ പ്രത്യേക പാസ്‌പോർട്ട് ഹോൾഡർമാർക്ക് വിസ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു.
ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിൽ മന്ത്രി വിശദീകരിച്ചു. കാബിനറ്റിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടികളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.