Bahrain
KMCC Charity

KMCC Charity

Bahrain

ഭൂകമ്പ ദുരിതബാധിതർക്ക് ബഹ്‌റൈൻ കെ.എം.സി.സിയുടെ കാരുണ്യസ്പർശം; അരക്കോടി രൂപയുടെ വസ്തുക്കൾ കൈമാറി

Web Desk
|
13 Feb 2023 6:56 PM GMT

ദുരിതബാധിതർക്ക് സമാശ്വാസമേകാൻ കർമ രംഗത്തിറങ്ങിയ കെ.എം.സി സി പ്രവർത്തകർ 8800 കിലോഗ്രാം തൂക്കം വരുന്ന അവശ്യവസ്തുക്കളാണു 48 മണിക്കൂർ കൊണ്ട് ശേഖരിച്ചത്.

മനാമ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്ക് സഹായമെത്തിക്കാൻ ബഹ്‌റൈനിൽ പ്രവാസി സംഘടനകൾ സജീവമായി രംഗത്ത്. കെ.എം.സി.സിയുടെ നേത്യത്വത്തിൽ അരക്കോടി രൂപയുടെ മുല്യമുള്ള അവശ്യവസ്തുക്കളാണു ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാനായി കൈമാറിയത്.

ദുരിതബാധിതർക്ക് സമാശ്വാസമേകാൻ കർമ രംഗത്തിറങ്ങിയ കെ.എം.സി സി പ്രവർത്തകർ 8800 കിലോഗ്രാം തൂക്കം വരുന്ന അവശ്യവസ്തുക്കളാണു 48 മണിക്കൂർ കൊണ്ട് ശേഖരിച്ചത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകളും പുതപ്പുകളും പുത്തൻ വസ്ത്രങ്ങളുമായി വിദൂരത്ത് ദുരിതത്തിലായ സഹോദരങ്ങൾക്ക് ഒരു കൈ സഹായമേകാൻ നിരവധിപേർ മനാമയിലെ കെ.എം.സി.സി ആസ്ഥാനത്തെത്തി. പാദരക്ഷകൾ, തലയിണകൾ, കിടക്കകൾ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ശേഖരിച്ച് പ്രവർത്തകരും വളണ്ടിയർമാരും കഠിനാധ്വാനം ചെയ്തു. ജില്ല, ഏരിയ, മണ്ഡലം ഘടകങ്ങൾ മനാമ സൂഖ്, മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റികൾ എന്നിവ വഴിയായിരുന്നു ശേഖരണത്തിന്റെ ഏകോപനം.

രണ്ട് ദിവസങ്ങളിലായി നടന്ന പ്രവർത്തനങ്ങളുടെ ഫലമായി അരക്കോടി രൂപയുടെ മൂല്യമുള്ള സാധന സാമഗ്രികൾ കെ.എംസി.സി ആസ്ഥാനത്ത് എത്തിച്ചേർന്നു. ലഭിച്ച വസ്തുക്കൾ വേർതിരിച്ച് വസ്തുക്കളുടെ വിവരങ്ങൾ അടയാളപ്പെടുത്തുന്ന ജോലിയായിരുന്നു പിന്നെ പ്രവർത്തകർക്ക്. ഒടുവിൽ ഇവ 350 കാർട്ടൂണുകളിലായി സുരക്ഷിതമായി പൊതിഞ്ഞ് കൃത്യമായ വിവരങ്ങളോടെ തുർക്കി സിറിയൻ എംബസികളിൽ എത്തിക്കാനും സംഘടനക്ക് കഴിഞ്ഞു. ആക്ടിംഗ് പ്രസിഡന്റ് എ. പി ഫൈസലിന്റെയും ആക്ടിംഗ് ജനറൽ സെക്രട്ടറി കെ. പി. മുസ്തഫയുടെയും ട്രഷറർ റസാഖ് മൂഴിക്കലിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളുടെ ഏകോപാപനം. എംബസികളിലെത്തിച്ച വസ്തുക്കൾ സംഘടനാ ഭാരവാഹികളായ ശംസുദ്ധീൻ വെള്ളികുളങ്ങര, കെ.കെ.സി മുനീർ, റഫീഖ് തോട്ടക്കര, ഷരീഫ് ഷാജഹാൻ എന്നിവരിൽനിന്ന് തുർക്കി അംബാസിഡർ എസിൻ കേക്കിൽ, സിറിയൻ അംബാസിഡർ മുഹമ്മദ് അലി ഇബ്രാഹിം എന്നിവർ ഏറ്റുവാങ്ങി.

Similar Posts