ബഹ്റൈന്‍ ഇസ്ലാമിക കാര്യ വിഭാഗം റമദാന് പരിപാടികള്‍ സംഘടിപ്പിക്കുന്നു
|പള്ളികള്‍ കേന്ദ്രീകരിച്ചും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പരിപാടികള്‍ ഒരുക്കുക
ബഹ്റൈനില്‍ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഇസ്ലാമിക കാര്യ വിഭാഗം റമദാനില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് താഹിര്‍ അല്‍ ഖത്താന്‍ അറിയിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ചും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് പരിപാടികള്‍ ഒരുക്കുക. പ്രഭാഷണങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഓണ്‍ലൈനായും അല്ലാതെയും നടത്തും.
സ്കൂള്‍ വിദ്യാര്‍ഥികള്‍, തടവില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പരിപാടികള്‍ ഒരുക്കും. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി നമസ്കാര സമയം, നോമ്പ്തുറ, അത്താഴ സമയങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
കൂടാതെ റമദാനുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വശങ്ങള് സംക്ഷിപ്തമായി ലഭ്യമാക്കുകയും ചെയ്യും. ഖുര്‍ആന്‍ എഫ്.എം സ്റ്റേഷന് വഴി പ്രവാചക വചനങ്ങളും സംപ്രേക്ഷണം ചെയ്യും. റമദാനിലെ അവസാന പത്തില്‍ വിവിധ പ്രഭാഷണ പരിപാടികളും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.