ബഹ്റൈനിൽ തെരഞ്ഞെടുപ്പ് ഇന്ന്: 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കും വോട്ടെടുപ്പ്
|രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്
ബഹ്റൈനിൽ 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. പാർലമെൻ്റിലേക്കും ഉത്തര, ദക്ഷിണ, മുഹറഖ് ഗവർണറേറ്റ് പരിധികളിലെ മുൻസിപ്പൽ കൗൺസിലുകളിലേക്കുമായി ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് നടക്കുക. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴിൽ തെരഞ്ഞെടുപ്പ് സുഗമമാക്കുവാനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.
മുൻ വർഷങ്ങളേക്കാൾ കൂടുതൽ സ്ഥാനാർഥികളാണ് ഇത്തവണ മൽസര രംഗത്തുള്ളത്. നിലവിൽ പാർലമെന്റ് അംഗങ്ങളായ കൂടുതൽ പേരും ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കൂടാതെ പുതു മുഖങ്ങളടെയും യുവജന നേതാക്കളുടെയും സാന്നിധ്യവും തെരഞ്ഞെടുപ്പ് രംഗത്ത് ആവേശം പകരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച് പരാജയപ്പെട്ടവരും ഇത്തവണ ജനവിധി തേടുന്നുണ്ട്. വൈവിധ്യമാർന്ന പ്രചരണ തന്ത്രങ്ങളുമായായി സ്ഥാനാർഥികൾ മൽസരത്തിന് വീറും വാശിയും പകർന്നു. മുൻ തെരഞ്ഞെടൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് ഇത്തവണ മൽസരിക്കുന്നത്.
പാർട്ടികളുടെ പ്രവർത്തനം രാജ്യത്ത് മന്ദീഭവിച്ചതോടെ നേരത്തെ പാർട്ടി ബാനറിൽ മൽസരിച്ചിരുന്നവരും പാർട്ടികളോട് ആഭിമുഖ്യമുള്ളവരുമടക്കം സ്വതന്ത്രമായി ജനവിധി തേടുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചരണത്തോടൊപ്പം തെരുവുകളിലും പാതയോരങ്ങളിലും പ്രചരണ ബോർഡുകൾ സ്ഥാപിച്ചുമാണു സ്ഥാനാർഥികൾ വോട്ടർമാരുടെ ശ്രദ്ധാകർഷിച്ചത്. 18,000 ചെറുതും വലുതുമായ ബോർഡുകളാണ് മുനിസിപ്പൽ അംഗീകാരത്തോടെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. പ്രത്യേകം ഓഫീസുകളും ടെന്റുകളും സ്ഥാപിച്ച് മിക്ക സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി.
ഇത്തരത്തിലുള്ള 225 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളും രാജ്യത്തുണ്ട്.തെരഞ്ഞെടുപ്പിൽ റീപോളിങ് ആവശ്യമായി വന്നാൽ ഈ മാസം 19ന് നടക്കും. ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന പാർലിമെൻ്റ്, മുൻസിപ്പൽ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണു രാജ്യനിവാസികൾ