51ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി ബഹ്‌റൈൻ; 361 തടവുകാർക്ക് മോചനം നൽകി
|ദേശീയ ദിനാഘോഷം പ്രമാണിച്ച് നാലു ദിവസം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
മനാമ: അറേബ്യയുടെ പവിഴദ്വീപായ ബഹ്‌റൈൻ നാളെ 51ാമത് ദേശീയ ദിനമാഘോഷിക്കും. ദേശീയ ദിനം പ്രമാണിച്ച് 361 തടവുകാർക്ക് മോചനം നൽകാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് നൽകി. ദേശീയ ദിനത്തെ വരവേൽക്കാൻ രാജ്യം ദീപാലങ്കാരങ്ങളുടെ വർണപ്രഭയിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പ്രവാസികളും ആഘോഷ പരിപാടികളിൽ പങ്കുചേരും.
വെള്ളയും ചുവപ്പും കലർന്ന വർണ വിളക്കുകൾ, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസം, ദേശീയ ദിനാഘോഷത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ബഹ്‌റൈൻ ചമയങ്ങളുടെ മനോഹാരിതയിലാണ്. അലങ്കാരങ്ങളിലും വർണച്ചമയങ്ങളിലും രാജ്യമെങ്ങും അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്നത് ഈ രാവ് പുലരാൻ വേണ്ടിയാണ്. രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫ, പ്രധാനമന്ത്രിയൂം കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നീ ഭരണാധികാരികളുടെ ചിത്രങ്ങളാണെങ്ങും. ദേശീയ ദിനാഘോഷം പ്രമാണിച്ച് വെള്ളി,ശനി , ഞായർ, തിങ്കൾ ദിവസങ്ങളിലായി നാലു ദിവസം സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ അതോറിറ്റികൾ, ക്ലബ്ബുകൾ, ഗവർണറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രവാസി സംഘടനകൾ എന്നിവ ബഹ്‌റൈന്റെ 51ാമത് ദേശീയ ദിനാഘോഷങ്ങളുമായി സജീവമായിക്കഴിഞ്ഞു. വിവിധ തരത്തിലുള്ള ദേശീയ ദിനാഘോഷ പരിപാടികളാണ് ഓരോരുത്തരും സംഘടിപ്പിച്ചിട്ടുളളത്. പ്രവാസി സംഘടനകൾ രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ, എക്‌സിബിഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുളളത്. വിവിധ ഗവർണറേറ്റുകളുടെ കീഴിൽ ബഹ്‌റൈൻ ദേശീയ പാരമ്പര്യം പ്രകടിപ്പിക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സർക്കാർ കെട്ടിടങ്ങളും മന്ത്രാലയങ്ങളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും ബഹ്‌റൈൻ പതാകയുടെ വർണത്തിലുള്ള ദീപാലങ്കാരങ്ങളിൽ ചമഞ്ഞൊരുങ്ങിക്കഴിഞ്ഞു. വിവിധ രാഷ്ട്ര നേതാക്കൾ, അംബാസഡർമാർ, മന്ത്രിമാർ, പാർലമെന്റ്് അധ്യക്ഷൻ, ശൂറ കൗൺസിൽ അധ്യക്ഷൻ, ക്ലബുകളുടെ ഭാരവാഹികൾ, അസോസിയേഷനുകൾ, സർക്കാർ അതോറിറ്റികൾ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ദേശീയ ദിനാശംസകൾ നേർന്നു. ദേശീയ അവബോധം വളർത്തുന്ന വിവിധ പരിപാടികളാണ് സർക്കാർ തലത്തിൽ ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ സർക്കാർ മന്ത്രാലയങ്ങളുടെയും ഗവർണറേറ്റുകളുടെയും നേത്യത്വത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് നാളെ രാജ്യത്ത് നടക്കുക.