ഐ.ടി, നെറ്റ്വർക് പഠന മേഖലകൾ വിപുലപ്പെടുത്താനൊരുങ്ങി ബഹ്റൈൻ യൂണിവേഴ്സിറ്റി
|ഐ.ടി, നെറ്റ്വർക് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ബഹ്റൈൻ യൂണിവേഴ്സിറ്റി വിപുലപ്പെടുത്തുമെന്ന് സർവകലാശാല റെക്ടർ ഡോ. ജവാഹിർ ഷാഹീൻ അൽ മുദ്ഹികി വ്യക്തമാക്കി. ഐ.ടി എഞ്ചിനീയറിങ്, നെറ്റ്വർക് എഞ്ചിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളും ഗവേഷണങ്ങളുമാണ് ആരംഭിക്കുക.
ബറ്റൽകോ ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഫെയ്ന്ററിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ബറ്റൽകോ നിർവഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വലുതാണെന്ന് ഡോ. മുദ്ഹികി വ്യക്തമാക്കി. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലും ടെലി കമ്യൂണിക്കേഷൻ മേഖലയിൽ രാജ്യം പുരോഗതി കൈവരിക്കുന്നതിലും ബറ്റൽകോ നൽകിക്കൊണ്ടിരിക്കുന്ന ദൗത്യത്തെ അവർ പ്രശംസിച്ചു.
ബഹ്റൈൻ യൂണിവേഴ്സിറ്റിയിൽ ഈയടുത്ത് ഐ.ടി-എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദം തുടങ്ങിയത് സന്തോഷകരമാണെന്ന് ബറ്റൽകോ സംഘം പറഞ്ഞു. ടെലികമ്യൂണിക്കേഷൻ രംഗത്ത് പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി. ഐ.ടി മേഖലയിലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ കരുത്തുറ്റ ടീം രൂപപ്പെടുത്തിയെടുക്കാൻ ഉപയുക്തമായ കോഴ്സുകൾക്ക് തുടക്കമിടാൻ സാധിക്കുമെന്ന് ഡോ. മുദ്ഹികി കൂട്ടിച്ചേർത്തു. ബറ്റൽകോ കോർപേററ്റ് കമ്യൂണിക്കേഷൻ ആന്‍റ് സസ്റ്റയിനബിലിറ്റി ഡയറക്ടർ ശൈഖ് ബന്ദർ ബിൻ റാഷിദ് ആൽ ഖലീഫ, ട്രേഡിങ് വിഭാഗം മേധാവി അബ്ദുല്ല ദാനിഷ് എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.