ബഹ്‌റൈന്‍ പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളെ എണ്ണം കുറക്കും
|ബഹ്റൈൻ പൊതു മരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2024 ഓടെ അഞ്ച് ശതമാനമായി കുറക്കുമെന്ന് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. പാർലമെന്‍റ് പരിസ്ഥിതി സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്‍റംഗം ഖാലിദ് ബൂ ഉനുഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രാലയത്തിൽ കൂടുതൽ സ്വദേശി ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. വിദേശികളായ ജീവനക്കാർക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനും അതുവഴി തൊഴിലില്ലായ്മക്ക് അറുതി വരുത്തുന്നതിനുമുള്ള അഭിപ്രായങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. ഐ.ടി, സാങ്കേതിക മേഖലകളിൽ സ്വദേശികൾക്ക് അവസരം നൽകുകയോ ഔട്ട് സോഴ്സ് ചെയ്യുകയോ വേണമെന്ന അഭിപ്രായങ്ങളും ഉയർന്നു.
മആമീർ വ്യാവസായിക പ്രദേശത്തെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള നിർദേശവും അംഗീകരിക്കപ്പെട്ടു. വെസ്റ്റ് എകർ പ്രദേശത്ത് വാക്വേ നിർമാണത്തിനുള്ള നിർദേശവും ചർച്ചക്കെടുത്തു. എകർ തീരത്ത് മീൻപിടുത്ത ബോട്ടുകൾക്കുള്ള ജെട്ടി പണിയുന്ന കാര്യവും നിർദേശമായി ഉയർന്നു.