തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങളുമായി ബഹ്റൈൻ
|ഭേദഗതി നടപ്പിലായാൽ തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് എൽ.എം.ആർ.എ ചുമത്തുന്ന പിഴയിൽ ഇളവുകളുണ്ടാകും
മനാമ: ബഹ്‌റൈനിൽ തൊഴിൽ നിയമങ്ങളിൽ മാറ്റത്തിനൊരുങ്ങി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്ന പുതിയ നിയമഭേദഗതി നടപ്പിലായാൽ ചട്ട ലംഘനം നടത്തുന്ന കമ്പനികൾക്കും തൊഴിലാളികൾക്കുമുള്ള പിഴ ശിക്ഷയിൽ ഇളവുകൾ ലഭിക്കും. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ആശ്വാസകരമാകുന്ന രീതിയിൽ പിഴശിക്ഷയിൽ ഇളവ് നൽകുവാനുള്ള കരട് നിയമമാണു ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
ഭേദഗതി നടപ്പിലായാൽ തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ ചുമത്തുന്ന പിഴയിൽ ഇളവുകളുണ്ടാകും. ഇത് പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദീനാറാണ് നിലവിലുള്ള പിഴ സംഖ്യ. ഇത് 500 ദീനാറായി കുറയും. നിയമ ലംഘനം ആവർത്തിച്ചതായി കണ്ടെത്തിയാൽ പിഴ ഇരട്ടിയാക്കും.
അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കമ്പനി, ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽനിന്ന് ഈടാക്കുന്ന പിഴയിലും പുതിയ ഭേദഗതി പ്രകാരം കുറവ് വരും.. നേരത്തേ, വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ ദിവസം മുതൽ 1,000 ദീനാറായിരുന്നു പിഴ. പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് കാലഹരണപ്പെട്ട് 10 ദിവസത്തിനുള്ളിൽ ലംഘനം കണ്ടെത്തിയാൽ 100 ദീനാറായിരിക്കും പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ സംഖ്യ വർധിക്കും. ഫൈൻ അടച്ച് ലംഘനങ്ങൾ ക്രമവത്കരിക്കാനും പുതിയ നിയമം അനുവദിക്കുന്നു.
അറിയിപ്പ് ലഭിച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് ലംഘനങ്ങൾ പരിഹരിക്കാൻ സാധിക്കും. സെറ്റിൽമെന്റ് തുക പൂർണമായി അടച്ചാൽ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുവാനും നിയമ ഭേഗതി നടപ്പിലായാൽ സാധിക്കും. ഇളവുകൾ ലഭിക്കുന്നത് തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസകരമാകും. കടുത്ത നിയന്ത്രണങ്ങളിൽ അയവ് വരുന്നത് രാജ്യത്തെ ബിസിനസ് മേഖലക്കും ഉണർവ് പകരും ബഹ്‌റൈനിലെ തൊഴിൽ, വിസാ നിയമ ലംഘനം.