ഭൂകമ്പ ദുരിത ബാധിതർക്ക് ബഹ്റൈന്റെ കാരുണ്യ സ്‌പർശം; ആദ്യഘട്ട സഹായം കൈമാറി
|തുർക്കി,സിറിയൻ ജനതക്കൊപ്പം നിൽക്കുമെന്ന് ബഹ്റൈൻ
തുർക്കി , സിറിയ എന്നീ രാജ്യങ്ങളിലെ ഭൂകമ്പ ദുരിത ബാധിത ബാധിതർക്ക് സമാശ്വാസവുമായി ബഹ് റൈൻ ആദ്യ ഘട്ട സഹായം കൈമാറി. 40 ടൺ അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമടക്കം ഒരു മില്യൺ ഡോളർ വില വരുന്ന സാധനസാമഗ്രികളാണു ആദ്യ ഘട്ടത്തിൽ കൈമാറിയത്.
യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ബഹ് റൈൻ രാജാവിന്‍റെ പ്രതിനിധിയും ഭൂകമ്പ ദുരിതാശ്വാസ ദേശീയ സമിതി അധ്യക്ഷനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിലാണ് ഭൂക മ്പ ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള ആദ്യ ഘട്ട സഹായം കൈമാറിയത്. ദുരന്തം നടന്നയുടൻ തന്നെ ആവശ്യമായ സഹായമെത്തിക്കുന്നതിന് നിർദേശം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ലോകത്ത് ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഐക്യപ്പെടുകയും സാധ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നതിൽ ബഹ്റൈൻ മുൻപന്തിയിലാണ്. ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചത് മുതൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ വിവിധ തരം സഹായവുമായി രംഗത്തു വന്നത് ബഹ്റൈൻ ജനതയുടെ മനുഷ്യത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുർക്കി, സിറിയ ജനതകളോടൊപ്പം നിലകൊള്ളുമെന്നും പ്രതിസന്ധി തരണം ചെയ്യുന്നതു വരെ സഹായവുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ കർമനിരതമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു. ബഹ്റൈിലെ തുർക്കിയ അംബാസഡർ ഐസൻ കാകീൽ ബഹ്റൈന്‍റെ സഹായത്തിന് നന്ദി പ്രകാശിപ്പിച്ചു.