ഗസ്സക്കുളള ബഹ്റൈനിന്റെ ആദ്യഘട്ട സഹായം കൈമാറി
|ഗസ്സക്കുളള ബഹ്റൈനിന്റെ ആദ്യഘട്ട സഹായം ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തി. ഈജിപ്ത് റെഡ് ക്രസന്‍റിന് സഹായങ്ങൾ കൈമാറുകയും അവർ വഴി ഫലസ്തീനിലെ റെഡ്ക്രസന്റിന് സഹായങ്ങൾ എത്തിക്കുകയും ചെയ്യും.
ഫലസ്തീനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കാവശ്യമായ വസ്തുക്കളാണ് എത്തിച്ചിട്ടുള്ളത്. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓണററി ചെയർമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഗസ്സയിലേക്ക് സഹായ ശേഖരണം തുടങ്ങിയത്.
വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും സൊസൈറ്റികളും സിവിൽ സമൂഹവും സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ബഹ്റൈനും ഫലസ്തീനും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലും ഫലസ്തീനികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ബഹ്റൈനിന്റെ ഉറച്ച നിലപാടുമാണ് ആവശ്യമായ സഹായമെത്തിക്കാനുള്ള പ്രചോദനം.
തുടരെയുള്ള അക്രമണം ഗസ്സയിലേക്കുള്ള പ്രവേശനം പ്രയാസത്തിലായ സാഹചര്യത്തിലാണ് ഈജിപ്ത് റെഡ്ക്രസന്റ് വഴി ഫലസ്തീൻ റെഡ്ക്രസന്റിന് സഹായമെത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്.