സ്വദേശി വൽക്കരണം: പ്രത്യേക പരിഗണനയെന്ന് ബഹ്റൈന് ആരോഗ്യ മന്ത്രി
|യോഗ്യരായ ബഹ്റൈനികൾ ഇല്ലാത്ത ഒഴിവുകളിൽ മാത്രമാണ് വിദേശികളെ നിയമിക്കുക
സ്വദേശിവത്കരണ പദ്ധതി ഭാഗമായി പ്രത്യേക വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ബഹ്റൈന് ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ്.ആവശ്യമെങ്കിൽ വിദേശത്തയച്ച് പരിശീലനം ലഭ്യമാക്കുന്നുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ നിയമിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അംഗീകാരമുള്ള ആരോഗ്യ പ്രവർത്തകരെ കുറിച്ചും സ്വദേശിവത്കരണ പദ്ധതിയെ കുറിച്ചും എം.പി ഡോ. അബ്ദുൽ അസീസ് അൽ അജ്മൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യോഗ്യരായ ബഹ്റൈനികൾ ഇല്ലാത്ത ഒഴിവുകളിൽ മാത്രമാണ് വിദേശികളെ നിയമിക്കുക. ആരോഗ്യമേഖലയിലെ പുതിയ കണ്ടെത്തലുകൾ, സംഭവവികാസങ്ങൾ എന്നിവയെ കുറിച്ച് ഡോക്ടർമാർക്കും ഡെന്റിസ്റ്റുകൾക്കും അവബോധമുണ്ടാക്കാനുള്ള പരിപാടികൾ നടപ്പാക്കുന്നുണ്ട്. കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ഇത് ആരോഗ്യപ്രവർത്തകരെ സഹായിക്കും. ബഹ്റൈനി നഴ്സുമാർക്ക് കൂടുതൽ വൈഗദ്ധ്യം ലഭ്യമാക്കാനും പരിശ്രമിക്കുന്നുണ്ട്. ഇതുവഴി, വിദേശ നഴ്സുമാരുടെ സ്ഥാനങ്ങളിൽ ഇവരെ നിയമിക്കാനാവും. അതേസമയം, ഒറ്റയടിക്ക് സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അങ്ങനെ ചെയ്താൽ ഐ.സി.യു, ഹൃദ്രോഗം, എമർജൻസി, തീപ്പൊള്ളൽ, ഗുരുതര പരിക്കുകൾ തുടങ്ങിയ വാർഡുകളിൽ പ്രയാസം നേരിടേണ്ടിവരും. മാത്രമല്ല, ചില മേഖലകളിൽ ആവശ്യത്തിന് ബഹ്റൈനി ബിരുദധാരികളില്ലാത്തതും പ്രശ്നമാണ്.
മറ്റേണിറ്റി, മിഡ്വൈഫറി, കൃത്രിമ ശ്വസന സംവിധാനം, പൊതുജനാരോഗ്യം തുടങ്ങിയ തൊഴിൽ മേഖലകളിൽ ബഹ്റൈനികൾ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മികച്ച നിലവാരം പുലർത്താതിരിക്കുകയോ, വിരമിക്കൽ പ്രായം ആവുകയോ ചെയ്ത വിദേശികളുടെ കരാർ പുതുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ ഡോക്ടർമാരെ നിയമിക്കാനുള്ള ഉത്തരവാദിത്തം മന്ത്രാലയത്തിനല്ലെന്നും അവർ പറഞ്ഞു. ബഹ്റൈനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത് 18670 ആരോഗ്യ പ്രവർത്തകരാണെന്ന് മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റുകൾ, മറ്റു സാങ്കേതിക വിദഗ്ധർ (എക്സ്റേ, ലബോറട്ടറി, ഫിസിയോതെറപ്പി തുടങ്ങിയവ) എന്നിവർ ഉൾപ്പെടെയാണ് ഇത്. ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് ശൂറ കൗൺസിലിനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. സർക്കാർ മേഖലയിൽ 10,249 ആരോഗ്യ പ്രവർത്തകരും സ്വകാര്യ മേഖലയിൽ 7299 പേരുമാണ് ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ 7327 പേരുള്ളതിൽ 4611 പേർ ബഹ്റൈൻ സ്വദേശികളാണ്.