ദുബൈയിൽ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
|മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അറിയാതെ ഈതട്ടിപ്പിന് ഇരയാകുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.
ദുബൈയിൽ ഉപയോഗിച്ചവാഹനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തിയില്ലെങ്കിൽ കുടുങ്ങുമെന്ന് മുന്നറിയിപ്പ്. ദുബൈയിൽ മീറ്ററിൽ കൃത്രിമം കാണിച്ചുള്ള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണിത്. കൂടുതൽ കിലോമീറ്റർ ഓടിയ വാഹനങ്ങളുടെ ഓഡോമീറ്ററിൽ കുറച്ച് കാണിച്ചാണ് തട്ടിപ്പ്നടത്തുന്നത്.
കിലോമീറ്റർ കുറയുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വ്യത്യാസമുണ്ടാകും. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അറിയാതെ ഈതട്ടിപ്പിന് ഇരയാകുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. അനായാസം കൃത്രിമം നടത്താനും ഇതിലൂടെ സാധിക്കും.
അടുത്തിടെ അബൂദബിയിൽ സമാനമായ സംഭവം കോടതിക്ക് മുമ്പിലെത്തുകയും ചെയ്തു. 65,000 കിലോമീറ്റർ ഓടിയെന്ന പരസ്യം കണ്ട് 1.15 ലക്ഷം ദിർഹമിനാണ് യുവതി കാർ വാങ്ങിയത്. എന്നാൽ, പിന്നീട് നടന്ന പരിശോധനയിലാണ് കാർ മൂന്ന് ലക്ഷം കിലോമീറ്റർ ഓടിയതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. കരാർ റദ്ദാക്കാനും വാങ്ങിയ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം ഉടൻ കോടതിയെ സമീപിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. വാഹനം വാങ്ങി ആറ് മാസം വരെ ഇത്തരത്തിൽ കേസ് ഫയൽ ചെയ്യാൻ സമയമുണ്ട്. ആറ്മാ സത്തിൽ കൂടുതൽ ഗാരന്റിയുണ്ടെങ്കിൽ, ഗാരന്റി കഴിയുന്നതിന് മുമ്പുവരെ കേസ് നൽകാം. പണം തിരികെ ലഭിക്കുകയും ചെയ്യും. മൈലേജ് കൂടുതലുണ്ടെന്ന് കാണിച്ച് മീറ്ററിൽ കൃത്രിമം നടത്തിയുള്ള തട്ടിപ്പുംനടക്കുന്നുണ്ട്.
വാഹനത്തിന്റെ സർക്യൂട്ട് ബോർഡ് മാറ്റിയാണ് മീറ്ററിൽ കൃത്രിമം കാണിക്കുന്നത്. പ്രത്യേക ഉപകരണം ഉപയോഗിച്ചും കൃത്രിമം നടത്താം. യു.എ.ഇയിലെ വിവിധ വെരിഫൈഡ് കേന്ദ്രങ്ങളിൽ കാർ പരിശോധിച്ചാൽ വാഹനങ്ങളുടെ കിലോമീറ്റർ, മൈലേജ് ഉൾപെടെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയും. മുമ്പ് നടന്ന സർവീസുകൾ കൂടി വിലയിരുത്തി വേണം ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നു.