ചരടുപിന്നിക്കളിക്ക് ബഹ്റൈനിൽ പുനർജനി; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
|കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന, കലാരൂപമായ ചരടുപിന്നിക്കളിയെ ഈ ഓണക്കാലത്ത് ബഹ്റൈനിൽ പുനരവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ശ്രാവണം-2022ന്റെ ഭാഗമായി ഈ വർഷം ബഹ്റൈൻ കേരളീയ സമാജം വിപുലമായ രീതിയിൽ കലാരൂപത്തെ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രായഭേദമെന്യേ വനിതകളും പുരുഷന്മാരുമായ പ്രവാസികൾ ഇതിനായുള്ള പരിശീലനത്തിൽ സജീവമായി പങ്കെടുക്കുകയാണ്.
പഴയ തലമുറയിൽപ്പെട്ട കുഞ്ഞിക്കുട്ടി അമ്മയിൽനിന്ന് ഈ കലാരൂപത്തെ കുറിച്ച് അറിവ് സ്വായത്തമാക്കിയ വിഷ്ണുവാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നാടക രംഗത്ത്് പ്രശസ്തനായ ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരാനായ വിഷ്ണു നാടക ഗ്രാമത്തിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിലേറെയായി ചിട്ടയായ പരിശീലനത്തിലൂടെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ക്ഷേത്രാങ്കണത്തിൽ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപത്തെ തനതായ രൂപത്തിൽ സാധാരണക്കാരുടെ മുമ്പിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബഹ്റൈൻ കേരളീയ സമാജം. സെപത്ബർ 17ാം തിയ്യതി ശനിയാഴ്ച വൈകിട്ട് ബഹ്റൈൻ കേരളീയ സമാജം ഡി.ജെ ഹാളിൽ ചരടു പിന്നിക്കളി പ്രവാസികൾക്ക് മുന്നിൽ അവതരിപ്പിക്കും.