Bahrain
ജർമനിയിൽ നഴ് സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി
Bahrain

ജർമനിയിൽ നഴ് സിങ്ങ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി

Web Desk
|
13 April 2022 10:25 AM GMT

ജർമനിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെ സ്വകാര്യ ഏജൻസി കബളിപ്പിച്ചതായി പരാതി. മലയാളികളുടെ നേത്യത്വത്തിൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് മലയളികളായ 10 പേർ ചേർന്ന് അധിക്യതർക്ക് പരാതി നൽകിയത്.

ജർമനിയിൽ ജോലി ലഭിക്കാൻ ആവശ്യമായ ഭാഷാപഠനം നൽകുന്ന ഏജൻസി എന്ന നിലയിലാണ് സനാബീസിൽ സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ കോഴ് സിൽ ചേരുന്നവർക്ക് ആറു മാസത്തിനകം ജർമനിയിലേക്ക് പോകാൻ കഴിയുമെന്നാണ് ഏജൻസി വാഗ്ദാനം ചെയ്തതെന്ന് പരാതിക്കാർ പറഞ്ഞു. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ഇവർക്ക് ജർമനിയിലേക്ക് പോകാൻ സാധിച്ചില്ല.

സംഭവത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈനിലെ ഇന്ത്യൻ എംബസി, ജർമൻ എംബസി,എക്സിബിഷൻ സെൻ്റർ പോലീസ് സ്റ്റേഷൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, നോർക്ക റൂൂട്ട്സ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിലേക്കയച്ച പരാതി തുടർ നടപടികൾക്കായി ഇന്ത്യൻ എംബസിയിലേക്ക് അയച്ചിട്ടുണ്ടെന്ന പരാതിക്കാർക്ക് മറുപടി ലഭിച്ചു.നോർക്ക റൂട്ട്സിനു ലഭിച്ച പരാതി തുടരന്വേഷണത്തിനായി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെൽ എസ്പി.ക്ക് കൈമാറി.

ജർമനിയിലേക്ക് മിഗ്രേഷൻ വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും വൻ തുക കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരാതിക്കാരിൽ ആറൂ പേർ ബഹ്റൈനിൽ ജോലി ചെയ്യുന്നവരും നാലു പേർ ജർമനിയിലേക്ക് പോകാൻ കേരളത്തിൽ നിന്ന് എത്തിയവരുമാണ്. ടെൽക് എന്ന പരീക്ഷക്ക് പരിശീലനം നൽകാമെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് കൊണ്ടു വന്നതെന്നും എന്നാൽ ഐ.ഐ.എസ്.സി എന്ന പരീക്ഷയാണ് നടത്തുന്നതെന്നും ഇതിനുള്ള അന്താരാഷ്ട്ര അംഗീകാരമില്ലെന്നും പരാതിയിൽ പറയുന്നു. ഇതിനകം 2200 ദിനാർ വീതം സ്ഥാപനത്തിനു ഫീസ് നൽകിയതായും വീണ്ടും 1200 ദിനാർ കൂടി ചോദിക്കുകയാണെന്നും പരാതിക്കാരിലൊരാൾ പറഞ്ഞു .

2020 ഒക്ടോബർ മാസത്തിലാണ് ഇദ്ദേഹം സ്ഥാപനത്തിൽ ചേർന്നത്. ആറു മാസത്തിനകം ജർമനിയിലേക്ക് പോകാൻ കഴിയുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സ്ഥാപനം ഇത് പാലിച്ചില്ലെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. ഫീസ് അടച്ചതിനു നൽകിയ രസീത് മറ്റൊരു കമ്പനിയിലാണെന്നും പരാതിയിൽ പറയുന്നുണ്ട്. അതേ സമയം പരീക്ഷ പാസാകാത്തവരാണ് പരാതി ഉന്നയിക്കുന്നതെന്നും തങ്ങൾ മുഖേന നിരവധി പേർക്ക് ജർമനിയിൽ ജോലി ലഭിച്ചിട്ടൂണ്ടെന്നുമാണ് സ്ഥാപനത്തിൻ്റെ പ്രതിനിധിയുടെ വിശദീകരണം.

Similar Posts