ബഹ്റൈനിൽ അബ്ദുല്ല ബിൻ ഖാലിദ് അൽ ഖലീഫ കോളജ് പദ്ധതി നിർമാണം ഉടൻ
|ബഹ്റൈനിൽ അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഇസ്ലാമിക് സ്റ്റഡീസ് കോളജ് നിർമാണം ഉടനെ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നിർദേശമനുസരിച്ചാണ് ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയുടെ സ്മരണാർഥം കോളജ് നിർമിക്കാൻ തീരുമാനിച്ചത്. നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി ടെണ്ടർ വിളിക്കുകയും സറായ കോൺട്രാക്റ്റിങ് കമ്പനി നിർമാണ കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 1,129,570 ദിനാറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്.
ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് കരാർ. അന്തരിച്ച മുൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രിയും ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാനുമായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയുടെ നാമധേയത്തിലുള്ള കോളജ് ഇസ്ലാമിക വിജ്ഞാനീയങ്ങൾ പഠിക്കാൻ അവസരമൊരുക്കും.