Bahrain
ബഹ്‌റൈനില്‍ അൽഫാതിഹ്​ കോർണിഷ്​ വാക്​വേ നിർമാണം പൂർത്തിയായി
Bahrain

ബഹ്‌റൈനില്‍ അൽഫാതിഹ്​ കോർണിഷ്​ വാക്​വേ നിർമാണം പൂർത്തിയായി

Web Desk
|
13 Feb 2022 2:12 PM GMT

മനാമ: അൽ ഫാതിഹ്​ കോർണിഷിലെ വാക്​വേ നിർമാണം പൂർത്തിയായതായി പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ അറിയിച്ചു. ജനങ്ങൾക്ക്​ ശുദ്ധ വായു ശ്വസിക്കാനും ഉല്ലസിക്കാനും കായിക അഭ്യാസത്തിലേർപ്പെടാനും ഇത്​ അവസരമൊരുക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്​വേകൾ പുതുതായി നിർമിച്ചിട്ടുണ്ടെന്നും സുസ്​ഥിര ജീവിതം ഉറപ്പാക്കുന്നതിന്​ ഇത്തരം സൗകര്യങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ കിലോമീറ്റർ നീളത്തിലാണ്​ ഇവിടെ വാക്​വേ പൂർത്തിയായിട്ടുള്ളത്​.

പാർക്കുകളും ഉല്ലാസ കേ​ന്ദ്രങ്ങളും സ്​ഥാപിക്കുകയും കായിക പരിശീലനത്തിന്​ അവസ​രമൊരുക്കുകയും ചെയ്യുന്നത്​ മന്ത്രാലയത്തിന്‍റെ പദ്ധതികളിൽ പെട്ടതാണ്​. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇത്തരം സംവിധാനങ്ങൾ വിവിധ പ്രദേശങ്ങളിലുണ്ടാകേണ്ടതുണ്ട്​. അൽഫാതിഹ്​ വാക്​വേ ഇത്തരത്തിൽ സാമൂഹിക പങ്കാളിത്തത്തോടെയാണ്​ പൂർത്തീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബ്​ദുല്ല നാസ്​ കമ്പനിയുടെ സഹായത്തോടെ 2.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാതയും മൂന്ന്​ കിലോമീറ്റർ നീളത്തിൽ വാക്​വേയും 25,000 ചതുരശ്ര മീറ്ററിൽ ഹരിത പ്രദേശവും കളി സ്​ഥലങ്ങളും മീൻ പിടുത്ത ബോട്ടുകൾക്ക്​ നാല്​ ജെട്ടികളും കുടുംബങ്ങൾക്കുള്ള വിശ്രമ കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Similar Posts