ബഹ്റൈനിൽ കോവിഡ് കേസുകൾ ഉയരുന്നു; 2,898 പേർക്ക് രോഗം സ്ഥിരീകരിച്ചു
|കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ രാജ്യത്ത് 2898 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യനിവാസികൾ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധിക്യതർ നടപടികൾ കർശനമാക്കി. യെല്ലോ ലെവൽ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയ കാരണത്താൽ നേരത്തെ വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസംചേർന്ന ബഹ്റൈൻ മന്ത്രിസഭായോഗം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും രാജ്യത്തെ പുതിയ കേസുകളുടെ എണ്ണവും ചർച്ച ചെയ്തു. വാക്സിനുകളും ബൂസ്റ്റർ ഡോസുകളും സ്വീകരിക്കുന്നതിന് ജനങ്ങൾ മുന്നോട്ടു വരുന്നത് രോഗ വ്യാപനം കുറയുന്നതിനും അപകടകരമായ സാഹചര്യത്തിലേക്ക് പോകുന്നതിൽ നിന്നും തടയുമെന്നും വിലയിരുത്തി.
കോവിഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവർ 95 ശതമാനമായി വർധിച്ചതായും ബൂസ്റ്റർ ഡോസ് 83 ശതമാനം പേരും എടുത്തതായും വിലയിരുത്തി. ആശുപത്രികളിൽ ക്രിട്ടിക്കൽ കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതും നേട്ടമായി യോഗം വിലയിരുത്തി.