വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റ് : പ്രവാസി കമീഷൻ നടപടിയിലേക്ക്
|കേരളത്തിലെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കോവിഡ് ടെസ്റ്റിന്റെ മറവിൽ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ ഫലം നൽകി യാത്ര അനിശ്ചിതത്തിലാക്കുകയും ചെയ്യുന്നതിനെതിരെ കേരള പ്രവാസി കമീഷൻ നടപടി സ്വീകരിക്കുന്നു.
ജനുവരി 14ന് എറണാകുളത്ത് നടക്കുന്ന അദാലത്തിലേക്ക് പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി സലീം പള്ളിവിളയിൽ അടക്കമുള്ളവരോട് ഹാജരാകാൻ ജസ്റ്റിസ് പി.ഡി. രാജൻ ചെയർപേഴ്സനായ കമീഷൻ നോട്ടീസയച്ചിരിക്കുകയാണ്.സിവിൽ ഏവിയേഷൻ സെക്രട്ടറി, അദാനി തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് മാനേജർ, കോഴിക്കോട് അരയടത്ത് പാലത്തിനടുത്തെ മെട്രോ ഹെൽത്ത് ലബോറട്ടറീസ് എം.ഡി ഡോ. നൗഷാദ്, മെട്രോ ഹെൽത്ത് ലബോറട്ടറീസ് തിരുവനന്തപുരം ബ്രാഞ്ച് മാനേജർ എന്നിവർ ഉൾപ്പെടെയുള്ള എതിർ കക്ഷികളെയാണ് കമീഷൻ അദാലത്തിലേക്ക് നോട്ടീസയച്ച് വിളിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്ന ദുബൈ യാത്രക്കാരായ പ്രവാസികൾക്ക് കോവിഡ് പരിശോധന കേന്ദ്രത്തിനായി അനുവാദം ചോദിച്ച സംസ്ഥാന സർക്കാറിനെ സുരക്ഷിതത്വത്തിന്റെ പേരിൽ വിലക്കിയ കേന്ദ്ര സർക്കാർ സ്വകാര്യ ഏജൻസിക്ക് പരിശോധന കേന്ദ്രം അനുവദിക്കുകയായിരുന്നുവെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
പ്രവാസി സംഘങ്ങളുടെ കൂട്ടായ പ്രതിഷേധമാണ് ഇതിനെതിരെ അലയടിക്കുന്നത്. ഈ വിഷയം സമൂഹമാധ്യമങ്ങളിലൂടെയും പ്രവാസി സംഘടനകൾ മുഖേനയും അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രവാസി കമീഷൻ കൃത്യമായ ഇടപെടൽ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.