ബഹ്‌റൈനിൽ ഈദ് ഗാഹുകൾ ഒരുങ്ങി
|ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടടക്കം വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ
മനാമ: ബലിപെരുന്നാൾ നമസ്‌കാരത്തിനായി ബഹ്‌റൈനിലെ വിവിധ ഈദ് ഗാഹുകളിലെ ഒരുക്കം അന്തിമഘട്ടത്തിൽ. പ്രവാസി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുല സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 5.05നാണ് പെരുന്നാൾ നമസ്‌കാരം. മുൻ വർഷങ്ങളിലേത് പോലെ സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈദ് ഗാഹിലേക്ക് മുഴുവൻ മലയാളികളെയും കുടുംബ സഹിതം സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകർ അറിയിച്ചു.
ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തുന്ന ഈദ് ഗാഹുകൾ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്‌പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കുന്ന നമസ്‌ക്കാരങ്ങൾക്ക് പുറമെ അൽ ഹിദായ സെന്ററിന്റെ നേതൃത്വത്തിൽ ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും ഈദ് നമസ്‌കാരം നടക്കുന്നതാണ്. രാവിലെ കൃത്യം 05:05 ആരംഭിക്കുന്ന പ്രാർത്ഥനകൾക്ക് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.
മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹിന്റെ സംഘാടനത്തിനായി മുന്നൊരുക്കം പൂർത്തിയായി. ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ്ഗാഹ് നടക്കുക.
വിവിധ ഗവർണറേറ്റുകളിൽ നടക്കുന്ന ഈദ് ഗാഹുകൾക്കുള്ള ഒരുക്കം പൂർത്തിയായി. ഹിദ്ദിലെ ഹയ്യുൽ ജലീഅ, ഹിദ്ദ് ബ്ലോക്ക് 111 ന് സമീപം, മുഹറഖ് ഖബറിസ്ഥാന് സമീപം, ബുസൈതീനിലെ സായ, അറാദ് ഫോർട്ടിന് സമീപം, ദിയാറുൽ മുഹറഖിലെ അൽ ബറാഹ സൂഖിന് സമീപം, സൽമാനിയ അൽ ഖാദിസിയ്യ ക്ലബിന് സമീപം, ഈസ ടൗൺ മാർക്കറ്റിന് സമീപം, റിഫ അൽ ഇസ്തിഖ്‌ലാൽ വാക്‌വേക്ക് സമീപം, റിഫ ഫോർട്ടിന് സമീപം, ഹജിയാത് ബ്ലോക്ക് 929 ലെ ഈദ് ഗാഹ്, ന്യൂ ഹൂറത് സനദ്, അസ്‌കറിലെ പൈതൃക ഗ്രാമം, സല്ലാഖിലെ യൂത്ത് എംപവർമെൻറ് സെൻറർ, ഹമദ് കാനൂ ഹെൽത് സെൻററിന് സമീപം, ഹമദ് ടൗൺ രണ്ടാം റൗണ്ട് എബൗട്ടിന് സമീപമുള്ള യൂത്ത് സെൻറർ, ബുദയ്യ ഈദ് ഗാഹ്, സൽമാൻ സിറ്റി, ന്യൂ റംലി പാർപ്പിട കേന്ദ്രം എന്നിവിടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ.