ബഹ്റൈനിൽ മലയാളി യുവാവിന്റെ മരണ കാരണം പലിശക്കാരുടെ പീഡനമെന്ന് കുടുംബം
|ഹമദ് ടൗണിൽ ജോലി ചെയ്യുന്ന തിരൂർ സ്വദേശിയിൽ നിന്ന് രാജീവൻ അമിത പലിശയ്ക്ക് പണം വാങ്ങിയിരുന്നു.
ബഹ്റൈനിൽ മലയാളി യുവാവ് ജീവനൊടുക്കിയതിന് കാരണം പലിശക്കാരുടെ പീഡനമെന്ന് കുടുംബം. മരണത്തിന് കാരണക്കാരായ ആളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഇടപെടണെന്ന് ആവശ്യപ്പെട്ട് ഭാര്യ വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. തേഞ്ഞിപ്പലം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ബഹ്റൈനിലെ സനദിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ പി.സി രാജീവനെ കഴിഞ്ഞ ഒക്ടോബർ 26നാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹമദ് ടൗണിൽ ജോലി ചെയ്യുന്ന തിരൂർ സ്വദേശിയിൽ നിന്ന് രാജീവൻ അമിത പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും അയാളുടെ ഭീഷണിയും മാനസിക സമ്മർദവും സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്ട്സ്ആപ്പിൽ ശബ്ദ സന്ദേശമയച്ച ശേഷമായിരുന്നു മരണം. കൂടുതൽ പണം കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് പലിശക്കാരൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
മരണത്തിൽ അന്വേഷണം നടത്താൻ ബഹ്റൈൻ സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് രാജീവന്റെ ഭാര്യ പി.എം സിംജിഷ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർക്കാണ് പരാതി നൽകിയത്.
പലിശക്കാരന്റെ നിർദേശപ്രകാരം രാജീവൻ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചതിന്റെ രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹ്റൈനിൽ മലയാളികൾക്കിടയിലെ പലിശ സംഘങ്ങളുടെ ഇപടപെടിലിനെ കുറിച്ച് മീഡിയവൺ നേരത്തെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.