ബഹ്‌റൈനിൽ ആദ്യമായി ഇലക്ട്രോണിക് പാസ്‌പോർട്ട് ഏർപ്പെടുത്തി
|ബഹ്‌റൈനിൽ ആദ്യമായി ഇ-പാസ്‌പോർട്ട് ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, ടെലികോം-ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് ഇ-പാസ്‌പോർട്ടിന് തുടക്കമായത്. മാർച്ച് 20 മുതലാണ് ഇ-പാസ്‌പോർട്ട് നടപ്പാക്കി തുടങ്ങുക. ഇതോടെ വിവിധ രാഷ്ട്രങ്ങളിൽ വിസ ഫീസ് ഒഴിവാകുമെന്നാണ് കരുതുന്നത്.
ഇ പാസ്‌പോർട്ടിന് 12 ദിനാറാണ് ഈടാക്കുക. നഷ്ടപ്പെട്ടതിന് പകരമായി പുതിയത് അനുവദിക്കാൻ 50 ദിനാറുമാണ് അടക്കേണ്ടത്. നശിച്ചു പോയ പാസ്‌പോർട്ടിന് പകരമുള്ളതിന് 15 ദിനാറായിരിക്കുമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് അതോറിറ്റി കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി.
11 വയസ്സിൽ താഴെയുളളവർക്ക് അഞ്ച് വർഷത്തേക്കും 11ന് മുകളിൽ പ്രായമുളളവർക്ക് 10 വർഷത്തേക്കാണുമാണ് പാസ്‌പോർട്ട് അനുവദിക്കുക. അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ തിളങ്ങാൻ ഇത് കാരണമാകുമെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി. പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നതിന് ആറ് മാസം മുന്നേ തന്നെ പുതുക്കാനും അവസരമുണ്ട്.