ഫോർമുല വൺ ഗ്രാൻഡ് പ്രീ: അംഗീകാരമില്ലാത്തവരിൽനിന്ന് ടിക്കറ്റ് വാങ്ങരുതെന്ന് മുന്നറിയിപ്പ്
|അനധികൃത ടിക്കറ്റുകൾ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി
മനാമ: വെള്ളിയാഴ്ച ആരംഭിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ അംഗീകാരമില്ലാത്ത സ്രോതസ്സുകളിൽനിന്ന് വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്റർനാഷനൽ സർക്യൂട്ട്. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഈ അവസരം മുതലെടുത്ത് അനധികൃത ടിക്കറ്റ് വിൽപനക്കാർ രംഗത്തുണ്ട്. ഇത്തരക്കാരിൽനിന്ന് വാങ്ങുന്ന ടിക്കറ്റുകളുടെ കാര്യത്തിൽ ബി.ഐ.സിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇവ യഥാർഥ ടിക്കറ്റുകളാണോ എന്ന കാര്യത്തിൽ ബി.ഐ.സിക്ക് ഉറപ്പുനൽകാനാവില്ല. ഇത്തരം ടിക്കറ്റുകൾ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്, ടേൺ വൺ ഗ്രാൻഡ് സ്റ്റാൻഡ് സീറ്റുകൾ പൂർണമായി വിറ്റുതീർന്നതായി ബി.ഐ.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബറ്റെൽകോ ഗ്രാൻഡ് സ്റ്റാൻഡ്, യൂനിവേഴ്സിറ്റി ഗ്രാൻഡ് സ്റ്റാൻഡ്, വിക്ടറി ഗ്രാൻഡ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഏതാനും ടിക്കറ്റുകൾ ബാക്കിയുള്ളത്. bahraingp.com എന്ന ബി.ഐ.സിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.