ബഹ്റൈനിൽ പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക്
|കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക് എത്തിയതായി ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇൻഡസ്ട്രിയിലെ ഭക്ഷ്യ സാധന വിഭാഗം ചെയർമാൻ ഖാലിദ് അലി അൽ അമീൻ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന വിലയേക്കാൾ വീണ്ടും കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വില വർധനയും കരിഞ്ചന്തയും ഒഴിവാക്കുന്നതിന് ശക്തമായ പരിശോധനകൾ ബന്ധപ്പെട്ട മന്ത്രാലയം നടത്തിയിരുന്നു. മാർക്കറ്റിലെ ആവശ്യമനുസരിച്ച് ഭക്ഷ്യവസ്തുക്കൾ ന്യായ വിലക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.
തക്കാളി ഉൾപ്പെടെയുള്ള വിവിധ പച്ചക്കറിയുൽപന്നങ്ങൾക്ക് കഴിഞ്ഞ ഏതാനും ദിവസമായി ഉയർന്ന വിലയായിരുന്നു. തക്കാളിക്ക് മാത്രം കിലോക്ക് ഒരു ദിനാർ വരെ ഉയർന്നിരുന്നു. പൊതുജനങ്ങളുടെ ഭാഗത്തു നിന്നും നിരന്തരമായി പരാതിയും ഇക്കാര്യത്തിലുണ്ടായിരുന്നു.
ആവശ്യത്തിനനുസരിച്ച് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതിന് ശേഷമാണ് വിലക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്. സമാന്തരമായി ഭക്ഷ്യ വസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ഏറെ ഗുണകരമായതായും അദ്ദേഹം വിലയിരുത്തി. അന്താരാഷ്ട്ര ഭക്ഷ്യ മാർക്കറ്റിലും വിവിധ സാധനങ്ങൾക്ക് വില ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.