സ്വകാര്യ സ്കൂളുകളിൽ ഓഫ്ലൈൻ പഠനത്തിന് മാർഗനിർദേശമായി
|Guided to study offline in private schools in Bahrain സ്വകാര്യ സ്കൂളുകളിൽ ഓഫ്ലൈൻ പഠനത്തിന് മാർഗ നിർദേശമായി. രാജ്യം ഗ്രീൻ ലെവലായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തു വന്നിട്ടുള്ളത്.
സ്കൂളിൽ വരാൻ തൽപരരായ കുട്ടികൾക്ക് അഞ്ച് ദിവസവും ക്ലാസിൽ വരാം. താൽപര്യമുള്ള കുട്ടികൾക്ക് ഓൺലൈനിൽ പഠനം തുടരാനും സാധിക്കും. വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ ഇടക്കിടെ റാപിഡ് ടെസ്റ്റ് നടത്തുകയും അതിൽ പോസിറ്റീവ് ആയാൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും ചെയ്ത് രോഗ നിർണയം നടത്തേണ്ടതാണ്. പോസിറ്റീവ് ആണെങ്കിൽ ക്വാറൈന്റനിൽ കഴിയേണ്ടതാണ്. റാപിഡ് ടെസ്റ്റ് റിസൽട്ട് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറേണ്ടതുമാണ്.
ലക്ഷണങ്ങൾ കണ്ടതിന്റെ കാരണത്താൽ റാപിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകാത്ത രക്ഷിതാക്കളാണെങ്കിൽ കുട്ടിയെ രക്ഷിതാവിനോടൊപ്പം വീട്ടിലേക്ക് അയക്കേണ്ടതും റാപിഡ് ടെസ്റ്റിന് പ്രേരിപ്പിക്കേണ്ടതുമാണ്. ടെസ്റ്റ് റിസൽട്ട് സ്കൂളിൽ എത്തിക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് ക്വാറൈന്റൻ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കും അത് ബാധകമായിരിക്കില്ല.
സ്കൂളിലേക്ക് വരുന്ന സമയത്ത് വിദ്യാർഥികളെ തെർമൽ ചെക്കപ്പിന് വിധേയമാക്കുകയും ഏഴാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ സദാ സമയവും മാസ്ക് ധരിക്കേണ്ടതുമാണ്. എന്നാൽ ബുദ്ധിപരമായ വൈകല്യമുള്ള വിദ്യാർഥികൾക്ക് ഇതിൽ ഇളവുണ്ടെന്നും അധികൃതർ അറിയിച്ചു.