ഹ്യൂമൺ റൈറ്റ്സ് വാച്ചിന്‍റെ ബഹ്റൈനെകുറിച്ചുള്ള റിപ്പോർട്ട് നിര്‍ഭാഗ്യകരമെന്ന്
|2021ലെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ബഹ്റൈനെ സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്
ഹ്യൂമൺ റൈറ്റ്സ് വാച്ചിന്‍റെ ബഹ്റൈനെ കുറിച്ചുള്ള റിപ്പോർട്ട് നിര്‍ഭാഗ്യകരമെന്നും തള്ളിക്കളയുന്നതായും അറബ് പാർലമെന്‍റിന് കീഴിലുള്ള അറബ് ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് വ്യക്തമാക്കി. 2021ലെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ബഹ്റൈനെ സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തീർത്തും അവഗണിച്ചു കൊണ്ടാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായിട്ടാണ് റിപ്പോർട്ടിനെ കണക്കാക്കാൻ സാധിക്കുക. ബഹ്റൈനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന ഇത്തരം റിപ്പോർട്ടുകൾ തള്ളിക്കളയേണ്ടതാണെന്ന് അറബ് പാർലമെന്‍റിന്‍റെയും അറബ് ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സിന്റെയും ചെയർമാനായ ആദിൽ അസൂമി വ്യക്തമാക്കി.
മനുഷ്യാവകാശ മേഖലയിൽ നിരവധി പരിഷ്കരണങ്ങളാണ് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ഭരണകാലത്ത് നടപ്പിലാക്കിയിട്ടുള്ളത്. ബദൽ ശിക്ഷ സമ്പ്രദായം, കുട്ടികളുടെ അവകാശ സംരക്ഷണം, തുറന്ന ജയിൽ സമ്പ്രദായം എന്നിവ ഇവയിൽ സുപ്രധാനമായവയാണ്. വിവരങ്ങൾ ശരിയാം വിധം വിശകലന വിധേയമാക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ പഠനങ്ങൾ പ്രസിദ്ധീകരിക്കുകയുമാണ് ഹ്യൂമൺ റൈറ്റ്സ് വാച്ച് പോലുള്ള ഏജൻസികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു