ബഹ്റൈനിൽ ഡ്രൈവിങ് ലൈസൻസും ഓണർഷിപ്പ് കാർഡും ഇനി ഡിജിറ്റലാകും
|ഇ-ട്രാഫിക് ആപ് വഴി ഓരോരുത്തരുടെയും പ്രസ്തുത രേഖകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്
ബഹ്റൈനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഓണർഷിപ്പ് കാർഡും ഡിജിറ്റൽവരൽക്കരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. നിലവിൽ ഇത് കാർഡ് രൂപത്തിലാണുള്ളത്.
ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ ഇത് രണ്ടും കൈയിൽ കൊണ്ടുനടക്കേണതില്ലെന്ന പ്രത്യേകതയുണ്ട്. ഇ-ട്രാഫിക് ആപ് വഴി ഓരോരുത്തരുടെയും പ്രസ്തുത രേഖകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
സൗദി കോസ്വെ വഴി യാത്ര ചെയ്യുന്നതിന് കോസ്വെ അതോറിറ്റിക്ക് അനുമതി പത്രവും ഇതിലൂടെ കരസ്ഥമാക്കാൻ സാധിക്കും. ട്രാഫിക് സേവനങ്ങൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് ട്രാഫിക് സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഓരോന്നായി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.