ബഹ്റൈൻ രാജാവ് അബൂദാബിയിൽ
|യു.എ.ഇക്കെതിരിലുള്ള ഏത് അക്രമവും ബഹ്റൈനെതിരിലുള്ള അക്രമണമായിട്ടാണ് മനസ്സിലാക്കുന്നതെന്നും ഹമദ് രാജാവ് പ്രഖ്യാപിച്ചു
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ സന്ദർശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.
പിന്നീട് അദ്ദേഹവുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും ഹൂതി തീവ്രവാദ അക്രമണത്തെക്കുറിച്ചും അതുണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചും ചർച്ച നടത്തുകയും ചെയ്തു. തീവ്രവാദ അക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച സുരക്ഷാ നടപടികളെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ഭീരുത്വം നിറഞ്ഞതും മാനവിക വിരുദ്ധവും അന്താരാഷ്ട്ര മര്യാദകൾക്കും എതിരായ അക്രമണത്തെ ഹമദ് രാജാവ് അപലപിക്കുകയും ഇത്തരം പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. തീവ്രവാദ അക്രമണങ്ങൾക്കെതിരെ യു.എ.ഇ സ്വീകരിച്ചു കൊണ്ടിരികുന്ന നടപടികൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യു.എ.ഇക്കെതിരിലുള്ള ഏത് അക്രമവും ബഹ്റൈനെതിരിലുള്ള അക്രമണമായിട്ടാണ് മനസ്സിലാക്കുന്നതെന്നും ഹമദ് രാജാവ് പ്രഖ്യാപിച്ചു.