Bahrain
Bahrain KMCC Iftar meet
Bahrain

ബഹ്റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

Web Desk
|
8 April 2023 7:55 PM GMT

ബഹ്റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്റൈൻ. ആറായിരത്തിലധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നതെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ നാട്ടിൽ മുസ്ലിം ലീഗും ഗൾഫ് നാടുകളിൽ കെഎംസിയും മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. നിർധനരെയും പ്രയാസപ്പെടുന്നവരെയും മത-രാഷ്ട്രീയ ഭേദമന്യേ ചേർത്ത് പിടിക്കാൻ പുണ്യ റമദാൻ മാസത്തിൽ വിശ്വാസികൾക്കു കഴിയണമെന്നും തങ്ങൾ പറഞ്ഞു.

ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളും സജ്ജീകരണങ്ങളും ജനങ്ങളെകൊണ്ട് നിറഞ്ഞു കവിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.



കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പർ അഹ്മദ് ലോറി, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അൽ റബീഹ് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി ഖിറാഅത്ത് നിർവഹിച്ചു.

അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന്റെയും അലി വെൻചറിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാൻഡ് ഇഫ്താർ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി-മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന വേദി കൂടിയായി.

ഗ്രാൻഡ് ഇഫ്താർ പ്രോഗ്രാമിന് ട്രഷറർ റസാഖ് മൂഴിക്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്റുമാരായ ശംസുദ്ധീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ.പി ഫൈസൽ, സലീം തളങ്കര, ടിപ്പ് ടോപ്പ് ഉസ്മാൻ, സെക്രട്ടറിമാരായ ഒ.കെ കാസിം, കെ.കെ.സി മുനീർ, അസ്ലം വടകര, എം.എ റഹ്മാൻ, ശരീഫ് വില്യപ്പള്ളി, നിസാർ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും ചേർന്ന് ഇഫ്താർ സംഗമത്തെ മികവുറ്റതാക്കി. കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ നന്ദിയും പറഞ്ഞു.

Similar Posts