ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ പത്താമത് ഹൈപ്പർ മാർക്കറ്റ് ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു
|ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ തുറന്നു. 40,000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈന്റെ പുരോഗതിക്ക് ലുലു ഗ്രൂപ്പ് നൽകിക്കൊണ്ടിരിക്കുന്ന ശക്തമായ പിന്തുണയെ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, സീനിയർ മാനേജർമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.
എല്ലാ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. എല്ലാവിധ ഗ്രോസറി വിഭാഗവുമുള്ള സൂപ്പർമാർക്കറ്റ്, മികച്ച ഗുണനിലവാരമുള്ള മാംസം, മത്സ്യം, മറ്റ് കടൽ വിഭവങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും മികച്ച ശേഖരം, പലചരക്ക് അവശ്യവസ്തുക്കൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോർ, ഡിജിറ്റൽ, ഇലക്ട്രോണിക്സ് ഹബ്ബായ ലുലു കണക്റ്റ്, ജനപ്രിയ ഹൈ-സ്ട്രീറ്റ് ഫാഷൻ ഔട്ട്ലെറ്റായ ലുലു ഫാഷൻ എന്നിവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഷോപ്പിങ് നടത്താൻ പറ്റുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാസങ്ങൾക്കകം മൂന്നു ലുലു ഹൈപ്പർ മാർക്കറ്റുകൾ കൂടി ബഹ്റൈനിൽ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു. മനാമ സെൻറർ, അവന്യൂ മാൾ, ദിയാറുൽ മുഹറഖ് എന്നിവിടങ്ങളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി വരുകയാണ്. രാജ്യത്ത് 80 ദശലക്ഷം ദീനാറിന്റെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 880 സ്വദേശികൾ ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ എണ്ണം ആയിരത്തിലധികമായി വർധിപ്പിക്കും.
ബഹ്‌റൈനിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതുമുതൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും നിർല്ലോഭമായ പിന്തുണയുണ്ട്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, എന്നിവർ നൽകിയ പിന്തുണക്ക് ഹൃദയംഗമമായ നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ബഹ്‌റൈൻ നേതൃത്വം നൽകുന്ന പുരോഗതിയുടെ കാഴ്ചപ്പാടിലുള്ള ലുലു ഗ്രൂപ്പിന്റെ ആത്മവിശ്വാസത്തെയാണ് പുതിയ സ്റ്റോർ സൂചിപ്പിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ വളർച്ചയെ സഹായിക്കുന്ന ഭരണകൂടത്തിനും സ്വദേശി ജനതക്കും മലയാളി സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും യുസഫലി പറഞ്ഞു. ഏറ്റവുമധികം ബഹ്റൈനികളെ ജോലിക്ക് നിയോഗിച്ചതിന്, മികച്ച ദേശസാൽക്കരണത്തിനുള്ള ജിസിസി-വൈഡ് അവാർഡ് നേടിയ ലുലു ബഹ്റൈൻ ടീമിനെ എം.എ. യൂസുഫലി അഭിനന്ദിക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്‌റു, മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ ഓൻ ലൂയിസ്, തായ്‌ലന്റ് അംബാസഡർ പിയാപക് ശ്രീചരൺ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.