ബഹ്റൈനിൽ ട്രാഫിക് ഡയറക്ടറേറ്റിന് കീഴിൽപുതിയ വാഹന പരിശോധന കേന്ദ്രം
|ബഹ്റൈനിലെ ട്രാഫിക് ഡയറക്ടറേറ്റിന് കീഴിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ഈസ ടൗണിൽ വാഹന പരിശോധന കേന്ദ്രം ആരംഭിച്ചു. ദിനേന 150 ചെറുവാഹനങ്ങൾക്ക് ഇവിടെ പരിശോധന നടത്താൻ സാധിക്കും.
ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 'ലേസർ കാർ ഇൻസ്പെക്ഷൻ സെന്‍റർ'ഉദ്ഘാടനം ചെയ്തത്. വാഹന പരിശോധനക്കായുള്ള സ്വകാര്യ മേഖലയിലെ ഏഴാമത്തെയും ചെറുകിട വാഹനങ്ങൾക്കുള്ള അഞ്ചാമത്തെയും സ്ഥാപനമാണിത്. വാഹനം പരിശോധിക്കുന്ന ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ ട്രാഫിക് വിഭാഗത്തിന് കീഴിൽ നൽകിയിരുന്നു.
എല്ലാ സെന്‍ററുകളിലും ഒരുപോലെയുള്ള സേവനമായിരിക്കും ലഭിക്കുക. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഈസ ടൗണിലെ ട്രാഫിക് വിഭാഗത്തിൽ നിന്നും ഒരേ രൂപത്തിലുള്ള സേവനങ്ങളാണ് ലഭിക്കുക. വാഹനങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധന പൂർത്തിയായവക്കാണ് രജിസ്ട്രേഷൻ പുതുക്കി നൽകുക.