ബഹ്റൈൻ പ്രതിഭ അംഗങ്ങളുടെ ഏകദിന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
|മനാമ: വയനാട്ടിൽ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വയനാടിന് സഹായം നൽകുന്നതിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതുകൂടാതെ പ്രതിഭയുടെ 40ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വെച്ച് നടത്താൻ തീരുമാനിച്ച ഉദ്ഘാടന പരിപാടി ഉപേക്ഷിക്കുകയും ഇതിൻറ ചെലവിനായുള്ള തുക കേരള മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ നൽകുകയും ചെയ്യുമെന്ന് പ്രതിഭ നേതൃത്വം വ്യക്തമാക്കി.
ദുരന്ത പശ്ചാത്തലത്തിൽ സൽമാനിയക്കടുത്തുള്ള പുതിയ പ്രതിഭ ഓഫിസ് ഉദ്ഘാടനം ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് ലളിതമായി നടത്താൻ തീരുമാനിച്ചതായും ബി.എം.സി ഹാളിൽ ചേർന്ന വയനാട് ദുരന്ത അനുശോചന യോഗത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ അറിയിച്ചു. അനുശോചന യോഗത്തിൽ പ്രതിഭ പ്രസിഡൻറ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞു.
മുഖ്യരക്ഷാധികാരിയും ലോക കേരള സഭാംഗവുമായ പി. ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗങ്ങളുമായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. നമ്മുടെ നാട് ഇതുവരെ ദർശിക്കാത്ത ദുരന്തത്തിൽ തകർന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്. നിരവധി പ്രവാസി കുടുംബങ്ങൾക്കും ബന്ധുക്കളെ നഷ്ടപ്പെട്ടു. പ്രതിഭ അംഗമായ സരിത കുമാറിന്റെ കുടുംബത്തിലെ 10 പേരെയാണ് പ്രളയദുരന്തം കൊണ്ടുപോയതെന്നും പ്രസ്താവനയിൽ പറഞ്ഞു.