Bahrain
Online fraud
Bahrain

ഓൺലൈൻ തട്ടിപ്പ്; ജാഗ്രത പുലർത്തണമെന്ന് നോർത്തേൺ ഗവർണറേറ്റ്

Web Desk
|
4 Sep 2023 11:33 AM GMT

പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിട്ടുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും നോർത്തേൺ ഗവർണർ ശൈഖ് അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ.

ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ട് വിവിധ സർക്കാർ ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. സാമ്പത്തിക ഗവേഷകനും മനുഷ്യവിഭവശേഷി വിദഗ്ധനുമായ ഡോ. മിഷാൽ നാസർ അൽ തവാദിയെ സ്വീകരിക്കുമ്പോഴാണ് നോർത്തേൺ ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഡെപ്യൂട്ടി ഗവർണർ ഡോ. അബ്ദുല്ല മാന്താറും സന്നിഹിതനായിരുന്നു. ഇലക്ട്രോണിക് തട്ടിപ്പുകൾ സംബന്ധിച്ച് ഡോ. തവാദി നടത്തിവരുന്ന ബോധവത്കരണ പരിപാടികൾ വളരെയധികം പ്രയോജനകരമാണെന്ന് നോർത്തേൺ ഗവർണർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് തട്ടിപ്പുകളും ഫിഷിങ്ങും സംബന്ധിച്ച് ബോധവത്കരണം നടത്താൻ വിവിധ സർക്കാർ ഏജൻസികളുമായി യോജിച്ച് പ്രവർത്തിക്കാൻ ഗവർണറേറ്റ് സന്നദ്ധമാണ്.

കൃത്യമായ അവബോധം ജനത്തിനുണ്ടായാൽ ഇത്തരം തട്ടിപ്പുകാരിൽനിന്നും രക്ഷപ്പെടാൻ സാധിക്കും. ഇലക്ട്രോണിക് തട്ടിപ്പുകളിൽനിന്ന് നിങ്ങൾ നിങ്ങളെത്തന്നെ രക്ഷിക്കുക എന്ന കാമ്പയിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഡോ. തവാദി വിശദീകരിച്ചു. പൊതുജനത്തെ തട്ടിപ്പുകാരിൽനിന്ന് രക്ഷിക്കാനായി തുടങ്ങിയതാണ് ബോധവത്കരണ കാമ്പയിൻ. കോവിഡിനുശേഷം ഓൺലൈൻ ഇടപാടുകൾ വർധിച്ചതിനെത്തുടർന്നാണ് തട്ടിപ്പുകാർ വ്യാപകമായത്.

Similar Posts