ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഓപ്പണ്‍ ഹൗസ്
|പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ച് അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ വിശദീകരിച്ചു.
ബഹ്‌റൈന്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താല്‍പര്യ പ്രകാരമാണ് യോഗങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്കും, വിദഗ്ധ, ഭാഗിക വിദഗ്ധ തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും.
കഴിഞ്ഞ ഓപ്പണ്‍ ഹൗസിന്റെ പരിഗണനയില്‍വന്ന വന്ന മിക്ക കേസുകളിലും പരിഹാരം കാണാന്‍ സാധിച്ചതായി അംബാസഡര്‍ പറഞ്ഞു. ദുരിതത്തിലായ ആറ് ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസം താമസ സൗകര്യം ഒരുക്കുകയും തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
കൂടാതെ, രാമചന്ദ്രന്‍, മുരുകന്‍ എന്നിവരുടെ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്തു. പ്രവാസികളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിച്ച ബഹ്‌റൈനില്‍നിന്നുള്ള 18 വിദ്യാര്‍ഥികളെ അംബാസഡര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ ഉപരിപഠനം നടത്തുന്നതിനാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പ്രവാസികള്‍ക്കുവേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് അംബാസഡര്‍ ആഹ്വാനം ചെയ്തു.