മഴക്കെടുതി: ബഹ്റൈനില് അടിയന്തിര നടപടികൾക്ക് നിർദേശം
|നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനും അടിസ്ഥാന സൗകര്യം താറുമാറായിടങ്ങളിൽ അവ അറ്റകുറ്റപ്പണി ചെയ്ത് നേരെയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു
മഴക്കെടുതി നേരിടാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞ ദിവസം ചേർന്ന ബഹ് റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും വിലയിരുത്താൻ തീരുമാനിച്ചു.
നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനും അടിസ്ഥാന സൗകര്യം താറുമാറായിടങ്ങളിൽ അവ അറ്റകുറ്റപ്പണി ചെയ്ത് നേരെയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള പൈപ്പ് ലൈനുകൾ നവീകരിക്കാനും വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് അവ അടിയന്തിരമായി നീക്കുന്നതിനും ബന്ധപ്പെട്ടവരോട് നിർദേശിച്ചു. മാനവിക സേവനങ്ങളെ മാനിച്ച് അറബ് റെഡ് ക്രസന്റ് ആന്റ് റെഡ് ക്രോസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ 'അബൂബക്ർ സിദ്ദീഖ്' അവാർഡ് ലഭിച്ച രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് മന്ത്രിസഭ ആശംസകൾ നേർന്നു. മനുഷ്യത്വത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൂടുതൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു. മഴക്കെടുതി നേരിടുന്നതിന് സിവിൽ ഡിഫൻസ്, ട്രാഫിക്, പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസുത്രണ കാര്യ മന്ത്രാലയം എന്നിവ നടത്തിയ പ്രവർത്തനങ്ങളെ കാബിനറ്റ് പ്രത്യേകം ശ്ലാഘിച്ചു.
വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് സേവന സന്നദ്ധരായി മുന്നോട്ടുവന്ന സ്വദേശികളെയും അഭിനന്ദിച്ചു. അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും നിയമങ്ങളുടെ മുൻഗണനാ ക്രമത്തിൽ അത് പരിഗണിക്കപ്പെടുത്തുന്നതിനും ഉതകുന്ന രൂപത്തിലുള്ള നിയമ പരിഷ്കരണത്തിന് കാബിനറ്റ് അംഗീകാരം നൽകി. ബഹ്റൈനും യു.എൻ ഡെവലപ്മെന്റ് ഓർഗനൈസേഷനും തമ്മിൽ പരസ്പര സഹകരണത്തിന് അംഗീകാരം നൽകി. ബഹ്റൈനും മൊറോക്കോയും തമ്മിൽ പുനരുപയോഗ ഊർജ്ജ മേഖലയിൽ സഹകരിക്കുന്നതിനും അംഗീകാരമായി.
ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ മൂലധനം ഉയർത്തുന്നതിനുള്ള ധനകാര്യ മന്ത്രിയുടെ നിർദേശം കാബിനറ്റ് അംഗീകരിച്ചു. എണ്ണേതര വരുമാനം 2020 അവസാന പാദത്തേക്കാൾ 5.9 ശതമാനം 2021 അവസാന പാദത്തിൽ വളർച്ചയുണ്ടായതായി ധനകാര്യ മന്ത്രി അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. മൊത്തം ആഭ്യന്തര ഉൽപാദനം 2.1 ശതമാനം വർധിച്ചതായും ചൂണ്ടിക്കാട്ടുന്നു. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.