Bahrain
മഴക്കെടുതി: ബഹ്‌റൈനില്‍ അടിയന്തിര നടപടികൾക്ക്​ നിർദേശം
Bahrain

മഴക്കെടുതി: ബഹ്‌റൈനില്‍ അടിയന്തിര നടപടികൾക്ക്​ നിർദേശം

Web Desk
|
4 Jan 2022 9:12 AM GMT

നാശനഷ്​ടം സംഭവിച്ചവർക്ക്​ നഷ്​ട പരിഹാരം നൽകാനും അടിസ്​ഥാന സൗകര്യം താറുമാറായിടങ്ങളിൽ അവ അറ്റകുറ്റപ്പണി ചെയ്​ത്​ നേരെയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു

മഴക്കെടുതി നേരിടാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞ ദിവസം ചേർന്ന ബഹ് റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ്​ യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും മറ്റ്​ നാശനഷ്​ടങ്ങളും വിലയിരുത്താൻ തീരുമാനിച്ചു.

നാശനഷ്​ടം സംഭവിച്ചവർക്ക്​ നഷ്​ട പരിഹാരം നൽകാനും അടിസ്​ഥാന സൗകര്യം താറുമാറായിടങ്ങളിൽ അവ അറ്റകുറ്റപ്പണി ചെയ്​ത്​ നേരെയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ​പൈപ്പ്​ ലൈനുകൾ നവീകരിക്കാനും വെള്ളക്കെട്ട്​ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന്​ അവ അടിയന്തിരമായി നീക്കുന്നതിനും ബന്ധപ്പെട്ടവരോട്​ നിർദേശിച്ചു. മാനവിക സേവനങ്ങളെ മാനിച്ച്​ അറബ്​ ​റെഡ്​ ക്രസന്‍റ്​ ആന്‍റ്​ റെഡ്​ ക്രോസ്​ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ 'അബൂബക്​ർ സിദ്ദീഖ്​' അവാർഡ്​ ലഭിച്ച രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്ക്​ മന്ത്രിസഭ ആശംസകൾ നേർന്നു. മനുഷ്യത്വത്തിനും സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൂടുതൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന്​ സാധ്യമാക​ട്ടെയെന്നും ആശംസിച്ചു. മഴക്കെടുതി നേരിടുന്നതിന്​ സിവിൽ ഡിഫൻസ്​, ട്രാഫിക്​, പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസുത്രണ കാര്യ മന്ത്രാലയം എന്നിവ നടത്തിയ പ്രവർത്തനങ്ങളെ കാബിനറ്റ്​ പ്രത്യേകം ശ്ലാഘിച്ചു.

വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന്​ സേവന സന്നദ്ധരായി മുന്നോട്ടുവന്ന സ്വദേശികളെയും അഭിനന്ദിച്ചു. അവകാശങ്ങളുടെ സംരക്ഷണം ശക്​തിപ്പെടുത്തുന്നതിനും നിയമങ്ങളുടെ മുൻഗണനാ ക്രമത്തിൽ അത്​ പരിഗണിക്കപ്പെടുത്തുന്നതിനും ഉതകുന്ന രൂപത്തിലുള്ള നിയമ പരിഷ്​കരണത്തിന്​ കാബിനറ്റ്​ അംഗീകാരം നൽകി. ബഹ്​റൈനും യു.എൻ ഡെവലപ്​മെന്‍റ്​ ഓർഗനൈസേഷനും തമ്മിൽ പരസ്​പര സഹകരണത്തിന്​ അംഗീകാരം നൽകി. ബഹ്​റൈനും മൊറോക്കോയും തമ്മിൽ പുനരുപയോഗ ഊർജ്ജ മേഖലയിൽ സഹകരിക്കുന്നതിനും അംഗീകാരമായി.

ഇസ്​ലാമിക്​ ഡെവലപ്​മെന്‍റ്​ ബാങ്കിന്‍റെ മൂലധനം ഉയർത്തുന്നതിനുള്ള ധനകാര്യ മന്ത്രിയുടെ നിർദേശം കാബിനറ്റ്​ അംഗീകരിച്ചു. എണ്ണേതര വരുമാനം 2020 അവസാന പാദത്തേക്കാൾ 5.9 ശതമാനം 2021 അവസാന പാദത്തിൽ വളർച്ചയുണ്ടായതായി ധനകാര്യ മന്ത്രി അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്​തമാക്കി. മൊത്തം ആഭ്യന്തര ഉൽപാദനം 2.1 ശതമാനം വർധിച്ചതായും ചൂണ്ടിക്കാട്ടുന്നു. വിവിധ മ​ന്ത്രിമാർ പ​ങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.

Similar Posts